| Wednesday, 6th February 2019, 10:32 pm

എനിക്ക് രാഷ്ട്രീയമുണ്ട്, നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടാവണം; നാട്ടില്‍ നടക്കുന്നതെല്ലാം താന്‍ കാണുന്നുണ്ടെന്നും മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഓരോ സിനിമയെ സമീപിക്കുമ്പോഴും അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ടെന്ന് നടന്‍ മമ്മൂട്ടി. നമുക്ക് രാഷ്ട്രീയമുണ്ടാവണമെന്ന നിലപാടുള്ള വ്യക്തിയാണ് താനെന്നും പക്ഷേ താന്‍ രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.

“തനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ രാഷ്ട്രീയക്കാരനല്ല, നമുക്ക് രാഷ്ട്രീയമുണ്ടാവണം എന്നു തന്നെയാണ് എന്റെ നിലപാട്. നാട്ടില്‍ നടക്കുന്നതും നടക്കാന്‍ പാടില്ലാത്തതുമെല്ലാം  ഞാന്‍ കാണുന്നുണ്ട്” ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നും സിനിമയില്‍ കയറിയെന്നുമാണ് മലയാളത്തില്‍ പറയുന്നത്. കയറിക്കൊണ്ടിരിക്കുമ്പോള്‍ നമ്മളെന്തിനാണ് ഇറങ്ങുന്നത്, തനിക്ക് രാഷ്ട്രീയത്തേക്കാള്‍ സിനിമയാണ് വലുതെന്നും മമ്മൂട്ടി വ്യക്തമാക്കി.

Read Also : പ്രിയാവാര്യരുടെയും റോഷന്റെയും “ലിപ് ലോക്കു”മായി അഡാര്‍ലൗവിന്റെ സ്നീക്ക് പീക്ക് ടീസര്‍; വീണ്ടും ഡിസ് ലൈക്ക് പ്രളയം

മികച്ച കഥാപാത്രങ്ങള്‍ക്കായി താന്‍ അലയുന്നില്ലെന്നും എന്നാല്‍ അതിന് വേണ്ടിയുള്ള തന്റെ ആഗ്രഹം അടങ്ങുന്നില്ലെന്നും വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി പേരന്‍പില്‍ വ്യത്യസ്തമായതെന്തോ ഉണ്ടെന്ന തോന്നലിലാണ് ചിത്രം ചെയ്തതെന്നും പറഞ്ഞു.

“ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നില്‍ക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്”. മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.


ആളുകള്‍ എല്ലാ കാലത്തും വിഷയത്തെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. അന്ന് ചായക്കടയില്‍ വിമര്‍ശനം നടത്തിയവര്‍ ഇന്ന് സോഷ്യല്‍ മീഡിയയേയും മാധ്യമങ്ങളേയും ഉപയോഗിക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.

മമ്മുട്ടിയുടെ ശ്രദ്ധേയമായ പ്രകടനം കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

We use cookies to give you the best possible experience. Learn more