| Thursday, 29th June 2023, 1:57 pm

ഫ്രാൻ‌സിൽ ഒരു ഫ്രീക്കൻ, ഫ്രഞ്ച് പത്രത്തിലെ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്രഞ്ച് പത്രത്തിന്റെ മുൻപേജിൽ വന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് നടൻ രമേഷ് പിഷാരടി. തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വിദേശ യാത്രയിൽ എടുത്ത ചിത്രമാണ് പത്രത്തിൽ വന്നിരിക്കുന്നത്. ‘ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻ‌സിൽ ഒരു ഫ്രീക്കൻ’ എന്ന രസകരമായ ക്യാപ്‌ഷനോടെയാണ് അദ്ദേഹം പത്രത്തിന്റെ കട്ടിങ് പങ്കുവെച്ചത്.

പത്ര കട്ടിങ്ങിലെ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഭാര്യ സുൽഫത്തും രണ്ട് സുഹൃത്തുക്കളും ഉണ്ട്. രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. ‘ഫ്രാൻസിൽ ഒരു ഫ്രീക്കൻ’ എന്ന് പറയാമായിരുന്നെന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ 70 കാരൻ പയ്യൻ എന്ന് മറ്റൊരാളും കുറിച്ചു. ബുഡാപെസ്റ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ മറ്റൊരു ചിത്രം പ്രേക്ഷകർ ഈയിടെ ആഘോഷിച്ചിരുന്നു.

അതിനു ശേഷം ഈയിടെ കൊച്ചിയിൽ വെച്ച് നടന്ന ‘അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഗെറ്റപ്പും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

അമൽ നീരദ് സംവിധാനംചെയ്യുന്ന ബിഗ് ബി ആണ് പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്ന മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് നടി ജ്യോതിക. മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നന്‍പകന്‍ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതല്‍ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Content Highlights: Mammootty in French news Paper

We use cookies to give you the best possible experience. Learn more