കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നം നേരിടുന്ന കൊച്ചി നിവാസികള്‍ക്ക് വൈദ്യസഹായവുമായി നടന്‍ മമ്മൂട്ടി.
മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധനക്കെത്തുമെന്ന് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലാണ് മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് ആദ്യം മെഡിക്കല്‍ സംഘങ്ങള്‍ എത്തിച്ചേരുക.
ചൊവ്വാഴ്ച ബ്രഹ്‌മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്‌നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തറ മുന്‍സിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.
വീടിനരികിലെത്തിയാണ് പരിശോധന സംഘടിപ്പിക്കുന്നത്. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മരുന്നുകളും സൗജന്യമായി നല്‍കുന്നതായിരിക്കും.
ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിക്കുന്നത്. പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
ആസ്മ രോഗികളടക്കമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു.
പുക ശ്വസിച്ചത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധി പേര്‍ക്കുണ്ടെന്നും അവര്‍ ആശുപത്രിയില്‍ പോകാന്‍ മടിച്ചിരിക്കുകയാണെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ പറഞ്ഞു.
അത്തരം രോഗികള്‍ക്ക് ഇത് വളരെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: Mammootty holding Brahmapuram together; Free medical examination will be provided