| Tuesday, 31st May 2022, 6:26 pm

ഫ്രീഡം ഫൈറ്റിന് ശേഷം കാറ്ററിങ്ങ് സര്‍വീസുമായി ജിയോ ബേബി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്രീഡം ഫൈറ്റിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീധന്യ കാറ്റിറിങ്ങ് സര്‍വീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസിന്റേയും സിമ്മെട്രി സിനിമാസിന്റേയും ബാനറില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

കൊവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ മലയാള സിനിമകള്‍ വലിയ പേര് നേടിയതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ജിയോ ബേബിയുടെ ആദ്യ ചിത്രമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഒ.ടി.ടി രംഗത്തെ തുടക്കക്കാരായ നീസ്ട്രീം എന്ന പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയായിരുന്നു.

പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ച സിനിമ ഭാഷാതീതമായി കേരളത്തിനപ്പുറത്തുള്ള സിനിമാപ്രേമികള്‍ കണ്ടു. ബി.ബി.സി അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ വരെ ചിത്രത്തെ പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച തിരക്കഥയ്ക്കും (ജിയോ ബേബി) മികച്ച സൗണ്ട് ഡിസൈനിംഗിനുമുള്ള (ടോണി ബാബു) അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.

പിന്നീടെത്തിയ ഫ്രീഡം ഫൈറ്റ് അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജി ആയിരുന്നു. അതില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഫ്രീഡം ഫൈറ്റിന് ജിയോ ബേബി നേടിയിരുന്നു.

Content Highlight: Mammootty has released the first look poster of the movie of jeo baby titled Sreedhanya Catering Service

We use cookies to give you the best possible experience. Learn more