53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിയുടെ പ്രതികരണം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് തന്റെ എട്ടാം സംസ്ഥാന അവാര്‍ഡ് നേട്ടം ആഘോഷിക്കേണ്ടതില്ലെന്നാണ് മമ്മൂട്ടി തീരുമാനിച്ചതെന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്.
അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ പ്രതികരണത്തിനായി നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ചപ്പോള്‍ ‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് മനോരമ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു താരം. ഈ സമയത്തൊന്നും അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു മമ്മൂട്ടി ഈ സെറ്റിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെിന് പിന്നാലെ മമ്മൂട്ടി ഫേസ്ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല, ഉണ്ടയിരുന്നെങ്കിലത് മനുഷ്യ സ്നേഹത്തിനുള്ളതാകുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും താരം തുറന്നെഴുതിയിരുന്നു.
അതേസമയം, ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം അറിയിച്ച പോസ്റ്റിന് മമ്മൂട്ടി കഴിഞ്ഞ ദവസം മറുപടി നല്‍കിയിരുന്നു.
മികച്ച നടനായുള്ള മമ്മൂട്ടിയുടെ ആറാം പുരസ്‌കാര നേട്ടത്തില്‍ ഇച്ചാക്ക എന്നു വിളിച്ചായിരുന്നു മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചത്. ഇതിന് മോഹന്‍ലാലിന്
‘ആശംസകള്‍ക്ക് നന്ദി ലാല്‍’ എന്നാണ് മമ്മൂട്ടി കമന്റ് ചെയ്തിരിക്കുന്നത്. അവാര്‍ഡിന് ശേഷമുള്ള മമ്മൂട്ടിയുടെ ഏക പ്രതികരണവും ഇതാണ്.
മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പേരെടുത്ത് മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കക്കും മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും,’ എന്നായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Content Highlight: Mammootty has decided not to celebrate his eighth state award following the death of former chief minister Oommen Chandy