| Sunday, 4th August 2024, 2:47 pm

80കള്‍ 2024 വരെ... അഞ്ച് പതിറ്റാണ്ടിലും അവാര്‍ഡ് നേടിയ ഒരേയൊരാള്‍ ഇങ്ങേര് മാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

69ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മികച്ച നടനായി തെരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. നന്‍പകല് നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. കരിയറിലെ 15ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയത്.

ഇന്ത്യയില്‍ മറ്റൊരു നടനും ഇല്ലാത്ത റെക്കോഡാണ് മമ്മൂട്ടി ഈ അവാര്‍ഡിലൂടെ സ്വന്തമാക്കിയത്. 1984 മുതല്‍ അഞ്ച് പതിറ്റാണ്ടിലും ഫിലിംഫെയര്‍ അവാര്‍ഡ് നേടുന്ന ഒരേയൊരു ഇന്ത്യന്‍ നടനായി മമ്മൂട്ടി മാറി. 1894ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം ആദ്യത്തെ ഫിലിംഫെയയര്‍ അവാര്‍ഡ് നേടിയത്. പിന്നീട് 1985, 1990,91,97,2000,2004,2007,2009,2010,2014,15,2023 എന്നീ വര്‍ഷങ്ങളിലും മികച്ച നടനായി മമ്മൂട്ടി മാറി.

ഏറ്റവും കൂടുതല്‍ ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ കമല്‍ ഹാസന് പോലും ഈയൊരു നേട്ടം നേടാന്‍ സാധിച്ചിട്ടില്ല. 1974 മുതല്‍ തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ടിലും അവാര്‍ഡ് നേടിയിട്ടുണ്ടെങ്കിലും 2010-2020 കാലഘട്ടത്തില്‍ താരത്തിന് അവാര്‍ഡ് നേടാന്‍ സാധിച്ചില്ല. 2022ല്‍ വിക്രം എന്ന സിനിമയിലെ പെര്‍ഫോമന്‍സിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

അതേ സമയം മലയാളത്തില്‍ നിന്ന് മികച്ച സിനിമയായി 2018നെയും മികച്ച സംവിധായകനായി ജൂഡ് ആന്തണി ജോസഫിനെയും തെരഞ്ഞെടുത്തു. ക്രിട്ടിക്‌സുകള്‍ തെരഞ്ഞെടുത്ത മികച്ച നടന്‍ ജോജു ജോര്‍ജാണ് (ഇരട്ട). മികച്ച നടി വിന്‍സി അലോഷ്യസ് (രേഖ), മികച്ച നടി (ക്രിട്ടിക്‌സ്)- ജ്യോതിക (കാതല്‍ ദ കോര്‍), മികച്ച സഹനടന്‍- ജഗദീഷ് (പുരുഷപ്രേതം), മികച്ച സഹനടി പൂര്‍ണിമ ഇന്ദ്രജിത് (തുറമുഖം), അനശ്വര രാജന്‍ (നേര്).

തമിഴില്‍ നിന്ന് മികച്ച നടനായി വിക്രമിനെയും (പൊന്നിയിന്‍ സെല്‍വന്‍ 2), ക്രിട്ടിക്‌സ് അവാര്‍ഡ് സിദ്ധാര്‍ത്ഥിനും (ചിത്ത) ലഭിച്ചു. കന്നഡയിലെ മികച്ച നടനായി രക്ഷിത് ഷെട്ടി (സപ്ത സാഗരദാച്ചെ എല്ലോ), തെലുങ്കില്‍ മികച്ച നടനായി നാനിയെ തെരഞ്ഞെടുത്തു (ദസറ). ക്രിട്ടിക്‌സ് അവാര്‍ഡ് നവീന്‍ പൊളിഷെട്ടി ( മിസ് ഷെട്ടി ആന്‍ഡ് മിസ്റ്റര്‍ പൊളിഷെട്ടി), പ്രകാശ് രാജ് (ബലയം) എന്നിവര്‍ പങ്കിട്ടു.

Content Highlight: Mammootty got filmfare awards in five consecutive decades

We use cookies to give you the best possible experience. Learn more