| Saturday, 20th February 2021, 9:02 pm

'അറുപതിലധികം പുതുമുഖ സംവിധായകര്‍ക്ക് അവസരമൊരുക്കിയ മമ്മൂക്ക'; പ്രീസ്റ്റിന്റെ സംവിധായകന് ആശംസകളുമായി ആഷിഖ് അബുവും ലാല്‍ജോസും മാര്‍ത്താണ്ഡനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രീസ്റ്റ്. ചിത്രത്തിനും ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്യുന്ന ജോഫിന്‍ ചാക്കോയ്ക്കും ആശംസകളുമായി സംവിധായകരായ ആഷിഖ് അബുവും ലാല്‍ ജോസും മാര്‍ത്താണ്ഡനും.

അറുപതിലധികം പുതുമുഖ സംവിധായകരാണ് മമ്മൂട്ടിയിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചതെന്നും ഇപ്പോള്‍ ദി പ്രീസ്റ്റ് എന്ന സിനിമയിലൂടെ വീണ്ടും ഒരു പുതിയ സംവിധായകനായി കൊണ്ടുവരുന്ന വ്യക്തിയായ ജോഫിന്‍ ടി ചാക്കോയ്ക്ക ആശംസകള്‍ നേരുന്നെന്നുമാണ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യസിനിമ സിനിമ ചെയ്യാന്‍ അനേകം പുതിയ സംവിധായകരെ വിശ്വസിച്ച പ്രിയപ്പെട്ട മമ്മൂക്ക ഒരു പുതിയ സംവിധായകനെ കൂടി മലയാള സിനിമക്ക് പരിചയപെടുത്തുന്നുവെന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്.

മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ മമ്മൂട്ടിയെന്ന മഹാനടന്‍ തീരുമാനിച്ചിടത്താണ് തന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നതെന്നും തന്നെപ്പോലെ സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകര്‍ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.

ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബര്‍ മാസത്തില്‍ മറവത്തൂര്‍ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്‍മുമ്പില്‍ മഹാനടന്‍ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോള്‍ ഉളളില്‍ മുഴങ്ങിയ പ്രാര്‍ത്ഥനകള്‍. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.

സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് പ്രീസ്റ്റിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

രാഹുല്‍ രാജ് ആണ് സംഗീതം, ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്, ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍, നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. മാര്‍ച്ച് 4നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ജി മാര്‍ത്താണ്ഡന്റെ കുറിപ്പ് പൂര്‍ണരൂപം,

അറുപതിലധികം പുതുമുഖ സംവിധായകരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത് അതിലോരാളാണ് ഞാനും അതില്‍ എന്നും എനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്ഇപ്പോള്‍ ദി പ്രീസ്റ്റ് എന്ന സിനിമയിലൂടെ വീണ്ടും ഒരു പുതിയ സംവിധായകനെ സാര്‍ കൊണ്ടുവരുന്നു ജോഫിന്‍ ടി ചാക്കൊ
ജോഫിനെ എനിക്ക് വര്‍ഷങ്ങളായി അറിയുന്ന ആളാണ്
മിടുക്കനായ ഒരു ടെക്‌നീഷ്യന്‍ ആണ് ജോഫിന്‍ അതാണല്ലൊ മമ്മൂട്ടിസാര്‍ ജോഫിന്റെ തുടക്ക സിനിമ തന്നെ ചെയ്യാന്‍ സമ്മതിച്ചതും
ഒരു മികച്ച ദൃശ്യാനുഭവംതന്നെയാരിക്കും ദി പ്രീസ്റ്റ് എനിക്കുറപ്പുണ്ട് മാര്‍ച്ചു നാലിന് പ്രീസ്റ്റ് തീയറ്ററുകളില്‍ എത്തുകയാണ് പ്രേക്ഷകര്‍ ഈ യുവസംവിധായകനെ ഇഷ്ടപ്പെടും
ജോഫിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

ആഷിഖ് അബുവിന്റെ കുറിപ്പ് പൂര്‍ണരൂപം,

ആദ്യസിനിമ സിനിമ ചെയ്യാന്‍ അനേകം പുതിയ സംവിധായകരെ വിശ്വസിച്ച പ്രിയപ്പെട്ട മമ്മൂക്ക ഒരു പുതിയ സംവിധായകനെ കൂടി മലയാള സിനിമക്ക് പരിചയപെടുത്തുന്നു. ജോഫിന്‍ ചാക്കോ.
ജോഫിനും പ്രീസ്റ്റിനും വിജയാശംസകള്‍.

ലാല്‍ജോസിന്റെ കുറിപ്പ് പൂര്‍ണരൂപം,

മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ മമ്മൂട്ടിയെന്ന മഹാനടന്‍ തീരുമാനിച്ചിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപ്പോലെ സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകര്‍ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബര്‍ മാസത്തില്‍ മറവത്തൂര്‍ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്‍മുമ്പില്‍ മഹാനടന്‍ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോള്‍ ഉളളില്‍ മുഴങ്ങിയ പ്രാര്‍ത്ഥനകള്‍. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിന്‍, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:’Mammootty gives the opportunity to more than 60 new directors’; Aashiq Abu, Lal Jose, and G Marthandan congratulate the director of Priest

We use cookies to give you the best possible experience. Learn more