| Wednesday, 7th December 2022, 9:17 pm

അന്ന് എന്നോട് റോളക്‌സ് വാച്ച് ചോദിച്ചില്ലേ; സര്‍പ്രൈസുമായി മമ്മൂട്ടി, കെട്ടിപ്പിടിച്ച് ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ റോഷാക്ക്. ചിത്രത്തില്‍ ആസിഫ് അലിയുടെ അതിഥി വേഷവും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പകരമായി ആസിഫിന് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

റോഷാക്കിന്റെ സക്‌സസ് സെലിബ്രേഷനില്‍ വെച്ചായിരുന്നു മമ്മൂട്ടി ആസിഫിന് സമ്മാനമായി റോളക്‌സ് വാച്ച് നല്‍കിയത്. വിക്രം സിനിമ ഹിറ്റായപ്പോള്‍ അതിഥി വേഷത്തിലെത്തിയ സൂര്യക്ക് കമല്‍ ഹാസന്‍ റോളക്‌സ് വാച്ച് നല്‍കിയ സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരിച്ചത്. ആസിഫ് അലി തന്നോട് ഒരു റോളക്‌സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്‌സ് എന്ന് വിളിച്ചപ്പോള്‍ നിര്‍മാതാവ് ബാദുഷയും എസ്. ജോര്‍ജും വാച്ചിന്റെ ഗിഫ്റ്റ് ബോക്‌സുമായി സ്‌റ്റേജിലേക്ക് വരികയായിരുന്നു. വാച്ച് മേടിച്ച് മമ്മൂട്ടിയ കെട്ടിപ്പിടിച്ചാണ് ആസിഫ് സന്തോഷം പ്രകടിപ്പിച്ചത്.

ദുല്‍ഖര്‍ സല്‍മാനും ഇരുവര്‍ക്കുമൊപ്പം വേദിയിലുണ്ടായിരുന്നു. സക്‌സസ് സെലിബ്രേഷന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ചിത്രത്തിലെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

Content Highlight: Mammootty gifted a Rolex watch to Asif at Rorschach’s success celebration

Latest Stories

We use cookies to give you the best possible experience. Learn more