| Tuesday, 13th December 2022, 10:09 am

ഒരു ഫോട്ടോ എടുക്കാന്‍ തന്നെ എത്ര നേരം പുറകെ നടന്നു; മമ്മൂട്ടിയോട് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒപ്പം അഭിനയിക്കണമെന്ന ടൊവിനോയുടെ ആഗ്രഹത്തിന് രസകരമായ മറുപടിയുമായി മമ്മൂട്ടി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ വെച്ചായിരുന്നു സംഭവം.

മമ്മൂക്കയുടെ ഒപ്പം അഭിനയിക്കണമമെന്ന് ടൊവിനോ പറയുന്നുണ്ടായിരുന്നു എന്ന് അവതാരകനാണ് പറഞ്ഞത്. അവന്‍ സമ്മതിച്ചിട്ട് വേണ്ടേ എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അമ്പരന്ന് ഞാനോ എന്നാണ് ടൊവിനോ ചോദിച്ചത്. ഞാന്‍ ഒരു ഫോട്ടോ എടുക്കാന്‍ തന്നെ എത്ര നേരം പുറകെ നടന്നെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു.

വേദിയില്‍ വെച്ച് അവതാരകന്‍ കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിച്ചിരുന്നു. ‘കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ? ഇപ്പോഴെ അദ്ദേഹത്തെ കിട്ടുകയുള്ളു. വേഗം ചോദിച്ചോളു’വെന്ന് അവതാരകന്‍ കുഞ്ചാക്കോ ബോബനോട് പറഞ്ഞു.

അതിന് മറുപടി പറഞ്ഞത് മമ്മൂട്ടിയായിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും അതൊന്നും ഇവിടെ വെച്ച് പറയാന്‍ പറ്റില്ലെന്നുമാണ് മമ്മൂട്ടി അദ്ദേഹത്തെ നോക്കി പറഞ്ഞത്.

‘ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതൊന്നും ഇവിടെ പറയാന്‍ കൊള്ളൂല. ഒരോരുത്തര് ചോദിച്ച് ചോദിച്ച് എന്റെ കയ്യിലെ കാശ് തീര്‍ന്നു. ഞാന്‍ പോവുകയാണ് ഇനിയും ചോദിച്ച് ചോദിച്ച് എന്നെ നിര്‍ത്തണ്ട,’ മമ്മൂട്ടി പറഞ്ഞു.

2018 ചിത്രത്തെ പറ്റി കുഞ്ചാക്കോ ബോബനും സംസാരിച്ചു. ‘ഈ വലിയ സിനിമയുടെ ചെറിയ ഭാഗമാവാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങോട്ട് വരുമ്പോള്‍ ഇത്രയും നല്ലൊരു ആമ്പിയന്‍സ് സെറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല. കാരണം പ്രളയത്തിന്റെ പോലെയുള്ള മഴയൊക്കെയാണ് സെറ്റിലുണ്ടായത്.
ആ ആമ്പിയന്‍സ് സെറ്റ് ചെയ്ത ഒരു സംവിധായകന്റെ പടത്തിന്റെ ടീസര്‍ ലോഞ്ചിനാണ് വന്നിരിക്കുന്നത്.

സത്യം പറഞ്ഞാല്‍ ടീസര്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി എന്നുള്ളതാണ് സത്യം. അത്രക്കും മനസിലെ ഞെട്ടിപ്പിക്കുകയും മനസിനെ തൊടുകയും ചെയ്യുന്ന ടീസറാണെന്നാണ് തോന്നിയത്. അതേരീതിയില്‍ തന്നെ തിയേറ്ററില്‍ വരുമ്പോള്‍ പ്രേക്ഷകരെ അതിശയിപ്പിക്കുകയും സ്വാധീനിക്കുകയും രസിപ്പിക്കുകയും ചെറുതായി ഇമോഷണലാക്കുകയും ചെയ്യുന്ന സിനിമയാവുമെന്ന് ഉറപ്പുണ്ട്. ഒരുമിച്ച് ഫ്രെയിം ഷെയര്‍ ചെയ്തില്ലെങ്കിലും ഒരുപാട് താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ടൊവിനോ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്ക് പുറമേ വിനീത് ശ്രീനിവാസന്‍, ഉണ്ണി മുകുന്ദന്‍, നരേയ്ന്‍, ജൂഡ് ആന്തണി എന്നിങ്ങനെ വലിയ താരനിര തന്നെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Content Highlight: Mammootty gave an interesting reply to Tovino’s desire to act with him

We use cookies to give you the best possible experience. Learn more