അടുത്ത കാലത്തിറിങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരോള്‍ കാണാനായി പുറപ്പെടുമ്പോള്‍ ഒരു പാട് പ്രതീക്ഷകളുണ്ടായിരുന്നു. മാസ് എന്ന് അവകാശപ്പെട്ട ഇടിപ്പടങ്ങള്‍ക്ക് ശേഷം സംഭവകഥയുടെ പിന്‍ബലത്തില്‍ മണ്ണിലിറങ്ങുന്ന കര്‍ഷകനായി മമ്മൂട്ടിയെത്തുമ്പോള്‍ രാഷ്ട്രീയം പറയുന്ന നല്ലൊരു കുടുംബചിത്രത്തിന്റെ സൂചനയായിരുന്നു മനസ്സില്‍.
ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ട്രെന്‍ഡ് ചിത്രങ്ങള്‍ക്ക് പിറകെയാണ് പരോളിന്റെ വരവ്. കമ്മ്യൂണിസ്റ്റ് ട്രെന്‍ഡിലെ ചിത്രങ്ങള്‍ ഒന്നും വന്‍ വിജയമായില്ലെങ്കിലും അവയില്‍ നിന്ന് അല്‍പ്പം ഇടവേളയെടുത്ത് വന്ന പരോളില്‍ അല്‍പ്പം പ്രതീക്ഷയുണ്ടായിരുന്നു. വേണുസംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങളുടെ പിന്‍ബലവും പരോളിന് മുതല്‍ക്കൂട്ടായിരുന്നു.
ടീസറിലും ട്രെയിലറിലും കാണിച്ച ചെങ്കൊടിയായിരുന്നു ടിക്കറ്റെടുക്കാനായി പ്രേരിപ്പിച്ച മറ്റൊരു ഘടകം. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കഥതുടരുന്നത്. ജയിലിലെ സല്‍സ്വഭാവിയായ മേസ്തിരിയാണ് മമ്മൂട്ടിയുടെ അലക്സ് എന്ന കഥാപാത്രം. നാടകങ്ങളെ തോല്‍പ്പിക്കുന്ന തരത്തില്‍ സെന്‍ട്രല്‍ ജയിലിന്റെ സെറ്റിട്ടവനെ നമിച്ച് പോകും. ജയിലില്‍ വെച്ച് അലക്സിന്റെ നന്മകള്‍ മുഴുവന്‍ എടുത്ത് കാട്ടിയ ശേഷം സിനിമ ഫ്‌ളാഷ് ബാക്കിലേക്ക് കടക്കുന്നു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അടിവാരത്തെത്തുന്നവരാണ് ഫീലിപ്പോസും (അലന്‍സിയര്‍) മകന്‍ അലക്സും. ഫീലിപ്പോസിന്റെ നേതൃത്വത്തിലാണ് അടിവാരത്ത് ആദ്യമായി ചെങ്കൊടി ഉയര്‍ത്തുന്നത്. ഇടക്കിടക്ക് “ഇത് എന്റെ അപ്പന്‍ ഉയര്‍ത്തിയ ചെങ്കൊടിയാണ് അത് താഴ്ത്താന്‍ ആരേയും അനുവദിക്കില്ല” എന്ന് പറയുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ വിളകള്‍ക്ക് ന്യായമായ വിലകിട്ടാന്‍ കര്‍ഷകസംഘം സ്ഥാപിക്കുന്നതും ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റൊരു രാഷ്ട്രീയവും ചിത്രം പറയുന്നുമില്ല.
അവനവനു വേണ്ടിയല്ലാതെ അപരന്നുവേണ്ടി ജീവിക്കുന്നവന്‍ എന്ന വിശാല കമ്മ്യൂണിസ്റ്റ് തത്വം വേണമെങ്കില്‍ അലക്സിന്റെ ജീവിതത്തില്‍ കണ്ടെത്താമെങ്കിലും അത് സമൂഹത്തിന്റെ നന്മക്ക് വേണ്ടിയല്ല സ്വന്തം കുടുംബത്തിന്റെ നന്മക്ക് വേണ്ടിയാണ് എന്നിടത്ത് അതും പാളിപോവുന്നു. നീട്ടിവലിച്ച് പറയുന്ന കഥയും പുട്ടിന് പീരപോലെ എടുത്തിടുന്ന അടിവാരത്തിന്റെ എരിയല്‍ ഷോട്ടും കഥയുടെ പ്രധാന ഇടത്തിലെ ലോജിക്കില്ലായ്മയ്മൊക്കെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണ്.
മമ്മൂട്ടിയുടെയും പ്രധാന താരങ്ങളുടെയും അഭിനയ മികവ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നിലും നല്ല അഭിപ്രായം പറയാനില്ലാത്ത സിനിമയാണ് പരോള്‍. കലാ സംവിധാനം മുതല്‍ തിരക്കഥ വരെ പാളിയിട്ടുണ്ട്. കുറഞ്ഞ ബഡ്ജറ്റില്‍ പോലും ജയിലിന്റെ സീനുകള്‍ സൃഷ്ടിക്കാമെന്നിരിക്കെ നാടകത്തെ അനുസ്മരിക്കും വിധമുള്ള ജയിലിന്റെ സെറ്റിലാണ് കലാ സംവിധാനം പരാജയപ്പെട്ടത്. വിപ്ലവമില്ലാത്ത കഥയിലുടനീളം ലാല്‍ സലാം എന്ന പശ്ചാത്തല സംഗീതം നല്‍കിയത് ഇടത് അനുഭാവികള്‍ക്ക് പോലും അരോചകമുണ്ടാക്കിയേക്കാം. വളരെ പതുക്കെ സഞ്ചരിക്കുന്ന കഥയ്ക്ക് ദ്രുതഗതിയിലുള്ള കട്ടുകള്‍ നല്‍കി എഡിറ്റിംഗും ശരാശരിക്ക് താഴെ നിന്നു. ആര്‍ക്കും ഊഹിക്കാന്‍ കഴിയും വിധം കെട്ടുറപ്പില്ലാതെ തയ്യാറാക്കിയ തിരക്കഥയിലെ പോരായ്മ മറികടക്കാന്‍ സംവിധായകനും പരാജയപ്പെട്ടു. പാട്ട് മികച്ച് നിന്നെങ്കിലും പാട്ടിലേക്ക് സിനിമയിലെ സാഹചര്യം എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല.
രണ്ടര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോള്‍, പരോളല്ല ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ ആശ്വസവും സന്തോഷവുമാവും പ്രേഷകര്‍ക്ക്.
Rating: 2/5