| Monday, 28th February 2022, 10:58 pm

സിനിമ കാണാന്‍ പോവാറില്ല, ഫാന്‍സിനൊപ്പം സിനിമ കാണില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാന്‍സിനൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്ന് മമ്മൂട്ടി. താനങ്ങനെ സിനിമ കാണാന്‍ പോവാറില്ലെന്നും ഇത്രയും തിയേറ്ററുള്ള കേരളത്തില്‍ കുറച്ച് പേരുടെ കൂടെ മാത്രം സിനിമ കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പോവാത്തതെന്നും മമ്മൂട്ടി പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

‘ഒരു പ്രാവിശ്യമേ സിനിമ കാണാന്‍ പറ്റുകയുള്ളൂ. ഞാനങ്ങനെ സിനിമ കാണാന്‍ പോവാറില്ല. ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്കല്ലേ പോവാന്‍ പറ്റൂ. കേരളത്തിലിത്രേം തിയേറ്ററുകളുണ്ട്. ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ.

അങ്ങനെ കുറച്ച് പേര്‍ക്ക് വേണ്ടി മാത്രം അങ്ങനെ പോവണ്ട എന്ന് വെച്ചിട്ടാണ്. തിയേറ്ററില്‍ എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. അവര്‍ക്ക് സിനിമ കാണാന്‍ നേരമുണ്ടാവില്ല. ഞാന്‍ എവിടേലുമൊക്കെയിരുന്നു സിനിമ കാണും,’ മമ്മൂട്ടി പറഞ്ഞു.

ഫാന്‍സ് ഷോ നിര്‍ത്താനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തിനോടും ഇന്ന് പ്രെസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.

‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ മമ്മൂട്ടി പ്രതികരിച്ചിരുന്നു.

ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഫാന്‍സിനോട് ഷോ കാണരുതെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഭീഷ്മ പര്‍വം ഫാന്‍സ് ഷോയുടെതായി വിവിധ പ്രചരണങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നതിനിടയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാനായിരുന്നു ഫിയോക്ക് തീരുമാനമെടുത്തത്. ഫാന്‍സ് ഷോകള്‍ കൊണ്ട് സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നു.

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Content Highlight: Mammootty says I will not watch the movie with the fans 

We use cookies to give you the best possible experience. Learn more