| Wednesday, 20th December 2017, 12:01 pm

വിമര്‍ശിക്കാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്; എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നു; പാര്‍വ്വതിയെ അധിക്ഷേപിക്കുന്നവര്‍ക്ക് സംഘടനയുമായി ഒരു ബന്ധമില്ലെന്ന് മമ്മൂട്ടി ഫാന്‍സ് ഭാരവാഹികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: കസബ സിനിമയെ നടി പാര്‍വ്വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഔദ്യോഗിക പ്രതികരണവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ സംസ്ഥാന നേതൃത്വം രംഗത്തെത്തി. എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന നടന്റെ ആരാധകരും അതേ പാതയാണ് പിന്തുടരുന്നതെന്നും മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ആര്‍ക്കെതിരെയും അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തുന്നവരെ സംഘടന അംഗീകരിക്കുന്നില്ലെന്നും സംഘടനയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കസബ സിനിമയിലെ സ്ത്രീ വിരുദ്ധതെയെ കുറിച്ച് നടി പാര്‍വ്വതി പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നായിരുന്നു സംഘടനയുടെ വിശദീകരണം.
മമ്മൂക്കയുടെ സിനിമയെയും കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ടെന്നും വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത് അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടി ആരാധകരെന്നും സംഘടന വ്യക്തമാക്കി.

കസബയെ പാര്‍വതി വിമര്‍ശിക്കുന്നതിന് എത്രയോ മുമ്പ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളായി മാറിയപ്പോള്‍ ആ ട്രോളുകളില്‍ പലതും സ്വന്തം ഫേസ്ബുക്ക് പേജില്‍ മമ്മൂക്ക ഷെയര്‍ ചെയ്തിരുന്നു. ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ രൂപമെന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയത്. ഈ മഹാനടന്റെ ആരാധകരും ആ പാതയാണ് പിന്തുടരുന്നത്. ഫാന്‍സ് അസോസിയേഷന്റെ കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടന ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്കും മറ്റ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളും എല്ലാ അംഗങ്ങളും കര്‍മ്മമേഖല പൊതുസേവനമാകണം എന്ന ചിന്തയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൃദ്രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ആദിവാസികുടികളിലെ സര്‍വ്വോന്മുഖ ക്ഷേമ പ്രവര്‍ത്തനങ്ങളും ആയിരക്കണക്കിന് നിര്‍ധനരെ കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന കാഴ്ച പദ്ധതിയും ഇതില്‍ ചിലത് മാത്രമാണ്. നിരാലംബരായ വൃക്ക രോഗികളെ സഹായിക്കുന്ന ” സുകൃതം ” പദ്ധതിയും ഉള്‍പ്പടെ നമുക്ക് ചുറ്റുമുള്ളവര്‍ക്കു കൈത്താങ്ങാകാനുമാണ് ഞങ്ങള്‍ക്കൊപ്പമുള്ളവര്‍ ശ്രമിക്കുന്നതെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചും, മമ്മൂട്ടിയുടെ ആരാധകരെന്ന അവകാശവാദമുന്നയിച്ചും ആര്‍ക്കെതിരെയും അധിക്ഷേപം നടത്തുന്നതും, സൈബര്‍ ആക്രമണവും മമ്മൂട്ടിയോ, അദ്ദേഹത്തോടുള്ള സ്നേഹത്താല്‍ രൂപമെടുത്ത സംഘടനയോ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തികള്‍ക്ക് സംഘടന ഉത്തരവാദികളുമല്ലന്നും സംഘടന വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more