കൊച്ചി: മൈ സ്റ്റോറി ട്രൈലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിട്ടും പാര്‍വ്വതിക്ക് രക്ഷയില്ല. പുതിയ കാരണങ്ങളുണ്ടാക്കി പാര്‍വ്വതിയെ അക്രമിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് ഇത്തവണ ആരാധകരുടെ പരാതി.
മമ്മൂട്ടി പോസ്റ്റ് ചെയ്ത ട്രൈലര്‍ പാര്‍വ്വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. “ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി” എന്നാണ് പാര്‍വ്വതി പേജില്‍ കുറിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ മമ്മൂക്ക എന്ന് വിളിക്കുമ്പോള്‍ പൃഥ്വിയേക്കാള്‍ 6 വയസ് കുറവുള്ള പാര്‍വ്വതി പേര് വിളിച്ചതാണ് ആരാധകരെ പ്രകോപിതരാക്കിയത്.
കഴിഞ്ഞ ദിവസമാണ് ട്രൈലര്‍ മമ്മൂട്ടി പുറത്തിറക്കിയത്. ഒരു ആക്ഷന്‍ പ്രണയ ചിത്രത്തിന്റെ പ്രതീതി തരുന്ന ട്രൈലറാണ് പുറത്ത് വന്നത്. മാഡ്രിഡ് നഗരത്തിന്റെ മനോഹര ദൃശ്യങ്ങളോടൊപ്പം പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കും ട്രൈലറിനെ ആകര്‍ഷകമാക്കുന്നു.
നേരത്തെ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ ഡിസ്ലൈക്ക് ക്യാമ്പയിന് നടത്തിയ സാഹചര്യത്തിലാണ് പുതിയ ട്രൈലര്‍ മമ്മൂട്ടിയുടെ സ്വന്തം പേജില്‍ പുറത്തിറക്കിയത്. മമ്മൂട്ടിയുടെ ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ പാര്‍വ്വതി വിമര്ശിച്ചതതാണ് ആരാധകരുടെ അക്രമത്തിന് കാരണം.
ട്രൈലര്‍:
“എന്ന് നിന്റെ മൊയ്തീന്” ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് “മൈ സ്റ്റോറി”. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വ്വതിയും എത്തുന്നു. ശങ്കര്‍ രാമകൃഷ്ണന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.