| Friday, 7th September 2012, 9:07 am

ശിവകാശി ദുരന്തബാധിതര്‍ക്ക് മമ്മൂട്ടി സൗജന്യ മരുന്നെത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശിവകാശി പടക്കനിര്‍മാണശാലയിലുണ്ടായ അഗ്നിബാധയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക്  നടന്‍ മമ്മൂട്ടിയുടെ സഹായഹസ്തം. 40 ലക്ഷം രൂപ വിലവരുന്ന ആയുര്‍വേദ മരുന്നുകള്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെത്തിച്ചാണ് സൂപ്പര്‍സ്റ്റാര്‍ മാതൃകയായത്. []

തന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി മരുന്ന് കമ്പനിയില്‍ നിന്നാണ് മമ്മൂട്ടി മരുന്നുകള്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കിയത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്നലെ വൈകുന്നേരമാണ് മരുന്നുകള്‍ കൈമാറിയത്.

വലിയ തോതിലുള്ള പൊള്ളലിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന അഗ്നിജിത് എന്ന മരുന്നാണ് ഇന്നലെ കൈമാറിയത്. മരുന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂരിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്നും ഇന്നലെ മമ്മൂട്ടിയെ വിളിച്ചിരുന്നു. ശിവകാശി ദുരന്തത്തില്‍ പൊള്ളലേറ്റവര്‍ക്കാണ് മരുന്നെന്ന് അറിഞ്ഞപ്പോള്‍ സൗജന്യമായി നല്‍കാന്‍ മമ്മൂട്ടി നിര്‍ദേശിക്കുകയായിരുന്നെന്ന് പതഞ്ജലി ഡയറക്ടര്‍ ജ്യോതിഷ് പറഞ്ഞു.

ജ്യോതിഷിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ക്കുള്ള മരുന്ന് പൊള്ളലേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്തിച്ചു. ഇത് വിരുധ നഗര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

ചാല ദുരന്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും മരുന്നെത്തിക്കാന്‍ കമ്പനി അധികൃതര്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റി ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് മമ്മൂട്ടി.

We use cookies to give you the best possible experience. Learn more