അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല, നിര്‍ബന്ധിപ്പിച്ചാണ് സമ്മതിപ്പിച്ചത്; സേതുരാമയ്യര്‍ ഉണ്ടായ കഥ പറഞ്ഞ എസ്.എന്‍. സ്വാമി
Entertainment news
അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല, നിര്‍ബന്ധിപ്പിച്ചാണ് സമ്മതിപ്പിച്ചത്; സേതുരാമയ്യര്‍ ഉണ്ടായ കഥ പറഞ്ഞ എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th September 2021, 10:16 am

കോഴിക്കോട്: മമ്മൂട്ടിയുടെ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച കഥാപാത്രമാണ് സേതുരാമയ്യര്‍ സി.ബി.ഐ. നാല് ഭാഗങ്ങള്‍ ഇറങ്ങിയ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി.

ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തെ കുറിച്ചും സേതുരാമയ്യര്‍ എന്ന കഥാപാത്രം പിറന്നതിനെ കുറിച്ചും തുറുന്നുപറയുകയാണ് അദ്ദേഹം. മമ്മൂട്ടിയുടെ 70ാം ജന്മദിനത്തിനോട് അനുബന്ധിച്ച് മീഡിയ വണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നാണ് എസ്.എന്‍. സ്വാമി പറയുന്നത്. ‘സി.ബി.ഐ കഥകളില്‍ ‘ജാഗ്രത’ ഒഴിച്ച് ബാക്കിയെല്ലാം ഹിറ്റാണ്. എന്നാലും അഞ്ചാമത്തെ സിനിമ ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നു. സിനിമയുടെ വിജയത്തെ കുറിച്ചുള്ള സംശയമല്ല. നാല് തവണ ആ കഥാപാത്രമായി. വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, ചെയ്യാന്‍ താത്പര്യം തോന്നുന്നില്ലെന്നാണ് പറഞ്ഞത്. പുതുതായി കൂടുതലായി ചെയ്യാനില്ലല്ലോ, സേതുരാമയ്യരെ വല്ലാതങ്ങ് മാറ്റിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിച്ചെന്ന് വരില്ല. അവസാനം നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് എന്ന് എസ്.എന്‍. സ്വാമി പറഞ്ഞു.

മുമ്പ് സിനിമയെ കുറിച്ച് ആലോചിച്ചപ്പോള്‍ കഥാപാത്രം സി.ബി.ഐ ആയാല്‍ നന്നാവുമെന്ന് മമ്മൂട്ടിയാണ് പറഞ്ഞതെന്ന് എസ്.എന്‍ സ്വാമി പറയുന്നു. കഥാപാത്രം ബ്രാഹ്മണന്‍ വേണമെന്ന് പറഞ്ഞതും മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ ഏതോ സിനിമയുടെ ഷൂട്ടിങ് കണ്ണൂരില്‍ നടക്കുകയാണ് താന്‍ മൂകാംബികയ്ക്ക് പോവുകയായിരുന്നു. ആവനാഴി എന്ന സിനിമ റിലീസായ സമയമാണത്. അതിനപ്പുറമുള്ള ഒരു പൊലീസ് കഥ എളുപ്പമല്ല. ആവനാഴിയിലെ എല്ലാ അമ്പും എടുത്ത് ചെയ്ത സിനിമയാണത്. അങ്ങനെയാണ് സി.ബി.ഐ എന്തുകൊണ്ട് ആലോചിച്ചുകൂടായെന്ന് ചോദിച്ചതെന്നും സ്വാമി പറഞ്ഞു.

അന്ന് തനിക്ക് സി.ബി.ഐയെ കുറിച്ച് ഒന്നും അറിഞ്ഞുകൂടായിരുന്നെന്നും പിന്നീട് പലരോടും സംസാരിച്ചാണ് സി.ബി.ഐയുടെ രീതികളെ കുറിച്ച് ധാരണയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതിനകത്ത് ബ്രാഹ്മിണ്‍ കഥാപാത്രം വേണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. സേതുരാമയ്യര്‍ എന്ന പേര് അന്ന് ആയിട്ടില്ല. പക്ഷേ കഥാപാത്രമായി മമ്മൂട്ടി അഭിനിച്ചുകാണിച്ചുതന്നിരുന്നെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mammootty did not want to do CBI Part 5, was forced to admit; SN Swamy told the story of Sethurama Iyer.