| Monday, 16th January 2023, 3:04 pm

വേറെ പണിയുണ്ട്, കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നമുക്ക് പിന്നെ പോകാം; സമരത്തെ കുറിച്ചുള്ള ചോദ്യത്തോട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാതെ മമ്മൂട്ടി. നന്‍ പകല്‍ നേരത്ത് മയക്കം എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തെ പറ്റിo മാധ്യമപ്രവര്‍ത്തക ചോദ്യമുന്നയിച്ചത്. അങ്ങോട്ടേക്കൊന്നും പോകണ്ടെന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്.

‘അതൊക്കെ അവിടെ നടക്കട്ടെ. ഇത് നിര്‍ത്തിയിട്ട് ബാക്കി തുടങ്ങണം. വേറെ പണിയുണ്ട്. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നമുക്ക് പോകാം. ഇപ്പോള്‍ നമുക്ക് നിര്‍ത്താം,’ മമ്മൂട്ടി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം നടത്തുന്നത്. സമരത്തെ പറ്റി കഴിഞ്ഞ ദിവസം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ ആവര്‍ത്തിച്ചത്.

‘എല്ലാ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഇല്ല. കുറച്ച് കുട്ടികള്‍ മാത്രമാണ് പ്രശ്‌നം. വൈകുന്നേരം വരെ ഹോസ്റ്റലില്‍ കിടന്നുറങ്ങി മദ്യപിക്കുകയാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍. ഗേറ്റിലെ സെക്യൂരിറ്റിക്കാരനാണ് മദ്യം കൊണ്ടുനല്‍കുന്നത്. ഇത് നാട്ടിലെ പലരും കണ്ടു. ഇയാളെ മാറ്റിയതിലുള്ള ദേഷ്യമാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.

ഒരു പ്രായമായ സ്ത്രിയും പെണ്ണുമാണ് പരാതിക്കാര്‍, ഈ ‘തള്ളയെയും പെണ്ണിനെയും’ പറഞ്ഞയച്ചത് സെക്യൂരിറ്റിക്കാരനാണ്. സെലിബ്രിറ്റിയാകാന്‍ വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നത്. ഡബ്ല്യൂ.സി.സി ആളുകള്‍ വന്നു അവരുടെ കൂടെ ചിത്രമെടുത്തു. അവര് സ്റ്റാര്‍ ആയല്ലോ.

അവരെക്കൊണ്ട് പറഞ്ഞു പഠിപ്പിച്ചതാണ് അവര്‍ ടി.വിയില്‍ വന്ന് പറഞ്ഞത്. ഇവര്‍ ആകെ പറഞ്ഞത് ജോലിയുടെ കാര്യത്തെക്കുറിച്ചാണ്. ശങ്കരമോഹന്റെ വീട്ടിലെ പണി എടുക്കുന്നതിന് ഒരു മണിക്കൂര്‍ മതി, ആ ദിവസം മറ്റ് പണികള്‍ അവര്‍ എടുക്കേണ്ടതില്ല, അവിടെ നിന്ന് ഭക്ഷണവും മറ്റും നല്‍കും എന്നിട്ടാണ് നന്ദി ഇല്ലാതെ അവര്‍ ഇങ്ങനെ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി ഉള്‍പ്പെടെ സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

Content Highlight: Mammootty did not respond to a question related to the strike at the k r Narayanan Film Institute

We use cookies to give you the best possible experience. Learn more