| Wednesday, 9th November 2022, 1:00 pm

ദൃശ്യത്തില്‍ അഭിനയിക്കണോ വേണ്ടയോ എന്ന രണ്ട് മനസിലായിരുന്നു മീന; മമ്മൂക്കയാണ് സമ്മതിപ്പിച്ചത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍, മീന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം. 2013 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വലിയ വിജയമായിരുന്നു ചിത്രം നേടിയെടുത്തത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രം മീനയുടെ കരിയറിലേയും ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ റാണി എന്ന കഥാപാത്രത്തെയായിരുന്നു മീന അവതരിപ്പിച്ചിരുന്നത്.

എന്നാല്‍ ദൃശ്യത്തിന്റെ കഥ പറയാനായി മീനയുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ രണ്ട് മനസിലായിരുന്നെന്നും ദൃശ്യത്തില്‍ അഭിനയിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മീനയ്ക്ക് ഉണ്ടായിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മമ്മൂട്ടിയാണ് മീനയെ
കണ്‍വിന്‍സ് ചെയ്ത് ആ വേഷം ചെയ്യിപ്പിച്ചതെന്നും ജീത്തു ജോസഫ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തില്‍ മീന അഭിനയിക്കുന്ന സമയത്തായിരുന്നു ജീത്തു ജോസഫ് ആ ലൊക്കേഷനില്‍ എത്തി മീനയോട് സംസാരിച്ചത്.

‘മീനയെ കാണാന്‍ ചെല്ലുമ്പോള്‍ മമ്മൂക്ക ലൊക്കേഷനിലുണ്ട്. മീന വേണോ വേണ്ടയോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ ‘ഞാന്‍ പറയാം’ എന്ന് പറഞ്ഞ് അവരെ സമ്മതിപ്പിച്ചത് മമ്മൂക്കയാണ്, ജീത്തു ജോസഫ് പറഞ്ഞു.

ഒപ്പം മമ്മൂക്കയോടുള്ള സ്‌നേഹത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം ജീത്തു ജോസഫ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

മമ്മൂക്കയുടെ കൂടെ രണ്ട് മൂന്ന് പടം ട്രൈ ചെയ്‌തെങ്കിലും നടന്നില്ല. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ഇഷ്ടവും സ്‌നേഹവുമാണ്. അദ്ദേഹത്തിനൊപ്പം ഒരു പടത്തിലെങ്കിലും വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് അദ്ദേഹത്തിനും അറിയാം.

എവിടെ വെച്ച് കണ്ടാലും എന്നാടാ, എന്ന് ചോദിച്ച് അടുത്ത് വരും. കൊവിഡിന് മുന്‍പ് റാമിന് ലൊക്കേഷന്‍ കാണാനായി പോയിരുന്നു. അവിടെ മമ്മൂക്കയുടെ ഷൂട്ട് നടക്കുന്നുണ്ട്. എന്താണ് ഇവിടെ എന്ന് ചോദിച്ചു. റാം എന്നൊരു സിനിമ ഉണ്ടെന്നും ലൊക്കേഷന്‍ അന്വേഷിക്കുകയാണെന്നും പറഞ്ഞു.

എന്താണ് കഥയെന്ന് ചോദിച്ചു. ഞാന്‍ കഥയുടെ ഔട്ട് ലൈന്‍ പറഞ്ഞപ്പോള്‍ ഓ.. ‘ഇന്റര്‍നാഷണല്‍ ആണല്ലേ’ എന്ന് ചോദിച്ചു. അത് ഒരു കൗതുകമാണ്. അറിയാനുള്ള ആകാംക്ഷയാണ്. ഭയങ്കര സ്‌നേഹമുള്ള ഒരാളാണ് അദ്ദേഹം. പുറമെ ഇങ്ങനെ പരുക്കനായിട്ട് തോന്നുമെങ്കിലും ആള് ബേസിക്കലി പാവമാണ്, ജീത്തു ജോസഫ് പറഞ്ഞു.

‘റാം ആക്ഷന്‍ മോഡിലുള്ള ഒരു സിനിമയാണ് റിയലിസ്റ്റിക് ആക്ഷനാണ്. യഥാര്‍ത്ഥത്തില്‍ ചെയ്യുകയാണെന്ന് ഫീല്‍ വരുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ക്യാരക്ടേഴ്‌സും അങ്ങനെയാണ്. ലാലേട്ടന്‍ തന്നെ അടുത്ത കാലത്ത് ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങള്‍ അതിലുണ്ട്.

റാം ഒരു ഭാഗത്തില്‍ ഒതുക്കാന്‍ പറ്റില്ല. ഒറ്റക്കഥയാക്കി പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പറ്റുന്നില്ല. രണ്ട് ഭാഗമാക്കി പറയാമെന്ന് ഞാന്‍ സജഷന്‍ ഇട്ടപ്പോള്‍ അവര്‍ അത് അംഗീകരിക്കുകയായിരുന്നു.

റാം വലിയ സിനിമ തന്നെയാണ്. കുറേ രാജ്യങ്ങളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ചെറിയ സിനിമകളും ഞാന്‍ ചെയ്യുന്നുണ്ട്. വലിയ സിനിമയാണോ ചെറുതാണോ എന്നതിലൊന്നുമല്ല കാര്യം. നമ്മള്‍ ചെയ്യുന്ന വര്‍ക്കിലാണ്.

ഞാന്‍ സിനിമയില്‍ ഇറങ്ങിയ സമയം തൊട്ട് പറയുന്ന കാര്യമുണ്ട്, എന്നെ ഒരു ഡയറക്ടറോ റൈറ്ററോ ആയി കാണേണ്ടതില്ല. ഞാന്‍ ഒരു സ്‌റ്റോറി ടെല്ലറാണ്. എനിക്ക് തോന്നുന്ന കഥ തോന്നുന്ന രീതിയില്‍ പറയും. ചിലത് ആളുകള്‍ക്ക് ഇഷ്ടപ്പെടും. ചിലത് ഇഷ്ടപ്പെടില്ല. പക്ഷേ എനിക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളൊന്നും ആരും അയ്യേ എന്ന് പറയില്ല. ചിലത് ഞാന്‍ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് പോയി. ചിലത് വിചാരിച്ചത്ര വന്നില്ല, ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Mammootty Convinced Meena to act in Drishyam Movie says Jeethu Joseph

We use cookies to give you the best possible experience. Learn more