ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചിരിക്കുകയാണ്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിറകിലേറിയാണ് ഇന്ത്യ വിജയത്തിലേക്ക് പറന്നടുത്തത്.
പാകിസ്ഥാന്‍ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്ത് പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് തന്നെ വിരാടിനെ ക്രൂശിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ പ്രശംസിക്കാന്‍ വരി നില്‍ക്കുകയാണ്.
ഇന്ത്യയുടെ വിജയത്തിന് ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് വിരാടിന് മാത്രമാണ്. മുന്‍ നിരയും മോസ്റ്റ് ഡിപ്പന്‍ഡിബിള്‍ ബാറ്റര്‍ എന്ന് വിശ്വസിച്ച സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് വിരാട് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരുടെയും പാര്‍ട്‌നര്‍ഷിപ്പാണ് ഇന്ത്യയുടെ വിജയത്തിന് ആധാരമായത്.
‘വിരാടവിജയത്തിന്’ പിന്നാലെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. വിരാടിനെ ഇത്തരത്തില്‍ കാണുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമാണെന്നും താന്‍ കണ്ടത് ഒരു ക്ലാസിക് പ്രകടനമാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയെ വെല്ലുന്നതായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍.
അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ, ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കി മുഹമ്മദ് നവാസ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നിരുന്നാലും വിരാട് ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.
തോറ്റു എന്ന് ഉറപ്പിച്ച നിമിഷത്തില്‍ നിന്നുമായിരുന്നു വിരാട് വീണ്ടും പഴയ ക്യാപ്റ്റനായത്. മാസങ്ങള്‍ക്ക് മുമ്പ് വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റുവാങ്ങിയ വിരാട് തന്നെയായിരുന്നു പാകിസ്ഥാനെതിരായ റീ മാച്ചില്‍ ഇന്ത്യയുടെ വിജയത്തിന് കാരണമായത്.
Content Highlight: Mammootty congratulates Virat Kohli after his stunning performance against Pakistan