സമീപകാല മലയാള റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി ഹിറ്റടിച്ച ചിത്രങ്ങളിലൊന്നാണ് റോഷാക്ക്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ട വഴിയിലൂടെ സഞ്ചരിച്ച റിവഞ്ച് ത്രില്ലറായിരുന്നു.
കേന്ദ്രകഥാപാത്രമായ ലൂക്ക് ആന്റണിക്കൊപ്പം വന്ന ചെറിയ കഥാപാത്രങ്ങള്‍ വരെ സ്‌കോര്‍ ചെയ്തിരുന്നു. റോഷാക്കില്‍ ശ്രദ്ധ നേടിയ അതിഥി വേഷമയായിരുന്നു ആസിഫ് അലിയുടേത്. മുഖംമൂടി വെച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് ചിത്രത്തിലേതായി ആദ്യം പുറത്ത് വന്നത്. എന്നാല്‍ ടീസര്‍ പുറത്ത് വന്നതോടെ യഥാര്‍ത്ഥ മുഖംമൂടിക്കാരന്‍ മമ്മൂട്ടിയല്ല എന്ന് പ്രേക്ഷകര്‍ക്ക് മനസിലായി. തന്നെയുമല്ല കണ്ണുകള്‍ കണ്ട് ഇത് ആസിഫ് അലിയാണെന്നും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു.
മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ച് മുഖംമൂടിയുമായി നില്‍ക്കുന്ന പോസ്റ്റര്‍ മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ പോസ്റ്റര്‍ നിര്‍മാണ കമ്പനി ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 11ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റോഷാക്ക് സ്ട്രീമിങ് ആരംഭിക്കുന്നത്.
ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍.
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. മറ്റു റിലീസുകള്‍ എത്തിയിട്ടും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാന്‍ റോഷാക്കിനായി.
Content Highlight: Mammootty company shared a poster of Mammootty and Asif Ali wearing masks together