| Wednesday, 7th September 2022, 11:38 pm

റൊഷാക്ക് ട്രെയ്‌ലറില്‍ അഭിപ്രായങ്ങള്‍ ചോദിച്ച് മമ്മൂട്ടി കമ്പനിയുടെ ട്വീറ്റ്; ലൂപ്പില്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന റൊഷാക്കിന്റെ ട്രെയ്‌ലര്‍ ഇന്നാണ് പുറത്ത് വന്നത്. ത്രില്ലിങ് മോഡിലെത്തിയ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചാക്ക് കൊണ്ടുള്ള മുഖംമൂടി ധരിച്ച് മമ്മൂട്ടി തന്നെയാണ് ട്രെയ്‌ലറിലെ പ്രധാനഹൈലൈറ്റ്.

ട്രെയ്‌ലറിനെ പറ്റിയുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചോദിച്ചും എത്ര തവണ ട്രെയ്‌ലര്‍ കണ്ടുവെന്നും ചോദിച്ചുകൊണ്ടുള്ള ട്വീറ്റ് മമ്മൂട്ടി കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ വന്നിരിക്കുകയാണ്. തങ്ങളുടെ വ്യാഖ്യാനങ്ങള്‍ വിവരിച്ച് കൊണ്ടുള്ള നിരവധി പ്രേക്ഷകരും ട്വിറ്ററിലെത്തുന്നുണ്ട്.

റൊഷാക്ക് ട്രെയ്‌ലര്‍ ലൂപ്പില്‍ പെട്ടുപോയി എന്ന് പലരും കമന്റ് ചെയ്തു. സിനിമയെ പറ്റി ഒരു ധാരണയും തരാതെ ഏറ്റവും മികച്ച രീതിയില്‍ നിര്‍മിച്ച ട്രെയ്‌ലര്‍ എന്നാണ് ഒരു ഒരു ട്വിറ്റര്‍ യൂസറുടെ കമന്റ്.

നാലും അഞ്ചും തവണ ട്രെയ്‌ലര്‍ കണ്ടെന്നും പലരും കുറിച്ചു. ആറ് തവണയും പത്ത് തവണയും ട്രെയ്‌ലര്‍ കണ്ടു എന്നും പലരും കുറിച്ചു. വൈറ്റ് ടോര്‍ച്ചറും പലരും കമന്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ട്രെയ്‌ലറിന് പിന്നാലെ വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ടോര്‍ച്ചര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വൈറ്റ് ടോര്‍ച്ചറാണ് ഇതെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നത്. വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ടോര്‍ച്ചര്‍ ഒറ്റപ്പെടലിലേക്കും സെന്‍സുകള്‍ നശിക്കുന്നതിലേക്കും വഴിവെക്കുന്ന മനശാസ്ത്രപരമായ പീഡനമാണ്.

ചില രാജ്യങ്ങളിലെ തടവുപുള്ളികള്‍ക്കാണ് ഇത്തരം ശിക്ഷാരീതികള്‍ നടപ്പിലാക്കിയിരുന്നത്. കിടക്കയും ആഹാരവും മേശയും കസേരയും ഉള്‍പ്പെടെ സര്‍വവസ്തുക്കളും വെള്ള നിറത്തിലായിരിക്കും. കംപ്ലീറ്റ് വൈറ്റായ കംപ്ലീറ്റ് നിശബ്ദമായ ഒരു മുറയില്‍ ഒറ്റക്കിരിക്കുന്നത് ഭീകരമായ അനുഭവമായിരിക്കും. ആരെയെങ്കിലും കാണാനോ ആരുടെയെങ്കിലും ചെറിയൊരു ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിക്കും. ഇത്തരത്തിലുള്ള മെന്റല്‍ ടോര്‍ച്ചര്‍ ഒരു മനുഷ്യന് അസഹനീയമായിരിക്കാം.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് റൊഷാക്കില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുളാണ്. നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് കിരണ്‍ ദാസും സംഗീതം നല്‍കുന്നത് മിഥുന്‍ മുകുന്ദനുമാണ്.

Content Highlight: Mammootty company’s tweet asking for comments on Rorschach trailer

We use cookies to give you the best possible experience. Learn more