| Tuesday, 3rd October 2023, 7:09 pm

എല്ലാവരും ചെറിയ ആള്‍ക്കാരാ, നമ്മുടെ പകുതി പ്രായമേയുള്ളൂ; കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആദരവുമായി മമ്മൂട്ടി കമ്പനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി മമ്മൂട്ടി കമ്പനി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ഉള്‍പ്പെടുത്തിയുള്ള റീല്‍സാണ് മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്.

‘ഡയറക്ടറിനെ ഈ സമയത്ത് മറന്നുകൂടാ. വെരി ഹാര്‍ഡ് വര്‍ക്കിങ്. അവന്‍ ഭക്ഷണം പോലും കഴിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. പിന്നെ അസോസിയേറ്റ്‌സ്, ക്യാമറാമാന്‍, മ്യൂസിക് ഡയറക്ടര്‍ സുഷിന്‍ ശ്യാം, എല്ലാവരും ചെറിയ ആള്‍ക്കാരാ. നമ്മളെക്കാളും പകുതി വയസുള്ള ആളുകളാ എല്ലാവരും,’ എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്. പിന്നാലെ ഷൂട്ടിനിടയില്‍ ക്യാമറാമാനും ലൈറ്റിങ് ബോയിയുമുള്‍പ്പെടെയുള്ള ആളുകളെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അതേസമയം ബോക്‌സ് ഓഫീസിലും കണ്ണൂര്‍ സ്‌ക്വാഡ് തേരോട്ടം തുടരുകയാണ്. 2018 എന്ന ചിത്രത്തിന് ശേഷം മലയാള സിനിമക്കായി തിയേറ്ററിലേക്ക് വീണ്ടും ഒരു ഒഴുക്ക് ഉണ്ടായിരിക്കുകയാണ്.

റിലീസ് ചെയ്ത് അഞ്ചാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍, ആഗോള തലത്തില്‍ 50 കോടിയിലേക്കാണ് കണ്ണൂര്‍ സ്‌ക്വാഡ് കുതിക്കുന്നത്. ഇന്നലെ 4.15 കോടിയാണ് ചിത്രം നേടിയത്.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight :Mammootty company pays tribute to the crew of Kannur squad

Latest Stories

We use cookies to give you the best possible experience. Learn more