കോപ്പിയടി ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനിക്കെതിരെയാണ് കോപ്പിയടി ആരോപണം ഉയര്‍ന്നത്.
തങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിങ്ങിന് വിധേയമാക്കുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിര്‍മാണ കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
”ഞങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിങ്ങിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഇവിടം സന്ദര്‍ശിക്കുക,” മമ്മൂട്ടി കമ്പനി അറിയിച്ചു.
ജോസ്മോന്‍ വാഴയില്‍ എന്ന വ്യക്തി സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.
ഫ്രീപിക് / വെക്റ്റര്‍സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നതില്‍ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനര്‍ ചെയ്തിരിക്കുന്നതെന്നും മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുന്‍പ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്‌മോന്‍ വാഴയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതില്‍ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്‌മോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് ലോഗോമാറ്റുന്നതായി മമ്മൂട്ടി കമ്പനി അറിയിച്ചത്. തുടര്‍ന്ന് മമ്മൂട്ടിയെ അഭിനന്ദിച്ച് ജോസ്‌മോന്‍ വാഴയില്‍ രംഗത്ത് വരുകയും ചെയ്തു.
”തിരിച്ചറിവുകളില്‍ നിന്ന് തിരുത്താമെന്ന് തീരുമാനിക്കുന്ന മമ്മൂക്ക… മമ്മൂട്ടി കമ്പനി
ഞാനെഴുതിയ പോസ്റ്റിന്റെ വെളിച്ചത്തില്‍ ‘മമ്മൂട്ടി കമ്പനി’യുടെ ലോഗോ മാറ്റുന്നു എന്ന് തീരുമാനിച്ചതായി കണ്ടപ്പോള്‍ മമ്മൂക്കയോടുള്ള സ്‌നേഹവും ബഹുമാനവും ഡബിളാവുന്നു,” എന്നാണ് ജോസ്‌മോന്‍ കുറിച്ചത്.
തെറ്റുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ അവ അംഗീകരിക്കുകയും തിരുത്തുകയും ചെയ്യുന്ന മമ്മൂട്ടിയെയും മമ്മൂട്ടി കമ്പനിയേയും അഭിനന്ദിച്ചു കൊണ്ട് നിരവധി വ്യക്തികളാണ് രംഗത്ത് വരുന്നത്. നിലവില്‍ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക പേജുകളില്‍ നിന്നും പഴയ ലോഗോ നീക്കം ചെയ്തിരിക്കുകയാണ്. പുതിയ ലോഗോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
content highlight: Mammootty company is ready to change the logo after the allegation of logo copying