ലൂക്ക് ആന്റണിയുടെ പഞ്ച്; റോഷാക്കിന്റെ ബിഹൈന്‍ഡ് ദി സീന്‍സുമായി മമ്മൂട്ടി കമ്പനി
Film News
ലൂക്ക് ആന്റണിയുടെ പഞ്ച്; റോഷാക്കിന്റെ ബിഹൈന്‍ഡ് ദി സീന്‍സുമായി മമ്മൂട്ടി കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th October 2022, 4:22 pm

നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ റോഷാക്ക് തിയേറ്ററുകളില്‍ പുതിയൊരു അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 71ാം വയസിലും മമ്മൂട്ടി നടത്തുന്ന അപ്‌ഡേഷന്‍ മലയാളത്തിലെ യൂത്തന്മാര്‍ക്ക് പോലും സാധിക്കില്ലെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നത്. ഒരു പ്രതികാര കഥ പറഞ്ഞ ചിത്രത്തിന് മേക്കിങ്ങിലും കഥാപാത്രങ്ങളിലും അഭിനയത്തിലും തികച്ചും വ്യത്യസ്തമായ അപ്രോച്ചാണ് കൊണ്ടുവന്നത്. ഇത് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

റോഷാക്ക് സെറ്റിലെ ബിഹൈന്‍ഡ് ദി സീന്‍സ് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിസാം ബഷീറിനും ഗ്രേസ് ആന്റണിക്കൊപ്പവുമിരിക്കുന്ന മമ്മൂട്ടിയെ ചിത്രങ്ങളില്‍ കാണാം. കശുവണ്ടി ഫാക്ടറി, ദിലീപിന്റെ വീട്, കാട്ടിലെ പാറ എന്നിങ്ങനെയുള്ള ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

അതേസമയം റോഷാക്കിനെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. റോഷാക്ക് ക്ലാസ് സിനിമയാണെന്നും ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരെയും മികച്ച രീതിയില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

‘റോഷാക്ക് പൂര്‍ണമായും ക്ലാസ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരെയും മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൂക്, ദിലീപ്, ദിലീപിന്റെ അമ്മ, ശശാങ്കന്‍, അനില്‍, ദിലീപിന്റെ ഭാര്യ, പൊലീസ് കോണ്‍സ്റ്റബിള്‍… ആരും മനസില്‍ നിന്നും പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങള്‍,’ വിനീത് കുറിച്ചു.

Content Highlight: Mammootty Company has released behind the scenes from Roschach sets