തിരുവനന്തപുരം: ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു നേതാവില്ലാതെ മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെ തമിഴ് ജനത നടത്തുന്ന ജല്ലിക്കെട്ട് സമരം കേരളത്തിന് സ്വപ്നം കാണാന്‍ സാധിക്കാത്തതാണെന്ന് നടന്‍ മമ്മൂട്ടി.
തമിഴ്നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര്‍ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം വല്ലാതെ ആകര്‍ഷിച്ചു, സമരം നടക്കുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികള്‍. നമ്മുടെ സമരമാര്‍ഗ്ഗം കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണെന്നും മമ്മൂട്ടി പറയുന്നു.
കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല ജല്ലിക്കെട്ട്. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ കുത്തിക്കൊല്ലുന്നുമില്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്.
മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണു ജെല്ലിക്കെട്ട്. ഇതു തമിഴ്നാട്ടുകാരുടെ വികാരമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും സ്ത്രീകള്‍ പുരുഷന്മാരോട് പൊരുതി ജയിക്കണമെന്നും മമ്മൂട്ടിക്ക് പറഞ്ഞു.
താന്‍ ഉള്‍പ്പെട്ട വാട്സ് ആപ്പ് സാംസ്‌കാരിക കൂട്ടായ്മ ഞാറ്റുവേല സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തിലുള്ള ചര്‍ച്ചയിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. പാലക്കാട് വരിക്കാശേരി മനയിലായിരുന്നു വികെ ശ്രീരാമന്‍ നേതൃത്വം നല്‍കുന്ന ഞാറ്റുവേല വാട്സ് ആപ് ഗ്രൂപ്പിന്റെ മൂന്നാമത് സംഗമം.
സമ്മേളനം ആരംഭിച്ച് കുറച്ചുസമയം പിന്നിട്ടപ്പോഴാണ് മമ്മൂട്ടിയെത്തിയത്. ഭാര്യ സുല്‍ഫത്തും കൂടെയുണ്ടായിരുന്നു. എം.എ. ബേബി, എം.ബി. രാജേഷ് എം.പി., എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി.ഇളയിടം, റഫീഖ് അഹമ്മദ്, അന്‍വര്‍ അലി, വി.കെ. ശ്രീരാമന്‍, കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ., പി.എന്‍. ഗോപീകൃഷ്ണന്‍, എം.വി. നാരായണന്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
“ജനാധിപത്യത്തിന്റെ വര്‍ത്തമാനം” എന്ന വിഷയത്തില്‍ ചര്‍ച്ച, കവിതാലാപനം എന്നിവയും നടന്നു. സാമൂഹികവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വി.കെ. ശ്രീരാമന്‍, പി.പി. രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കൂട്ടായ്മ ആരംഭിക്കുന്നത്. പിന്നീട് കൂട്ടായ്മയിലേക്ക് നിരവധി അംഗങ്ങള്‍ വന്നുചേര്‍ന്നു. നെടുമുടി വേണു, സാറാജോസഫ്, ശാരദക്കുട്ടി, സി.എസ്. ചന്ദ്രിക തുടങ്ങിയവര്‍ കൂട്ടായ്മയിലേക്ക് എത്തിയവരില്‍ പ്രമുഖരാണ്.2015 ഡിസംബറിലാണ് കൂട്ടായ്മ രൂപംകൊണ്ടത്. തുടര്‍ന്ന്, രണ്ടുതവണ കൂട്ടായ്മയിലെ അംഗങ്ങള്‍ ചെറുതുരുത്തിയില്‍ ഒത്തുചേര്‍ന്നിരുന്നു.