| Tuesday, 9th March 2021, 12:54 pm

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? നിലപാട് വ്യക്തമാക്കി മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് നടന്‍ മമ്മൂട്ടിയുടെത്. ഇടത് പക്ഷ നിലപാടിന് ഒപ്പമുള്ള മമ്മൂട്ടി പലപ്പോഴും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുമെന്നായിരുന്നു പ്രധാന പ്രചാരണങ്ങള്‍.

നിയമസഭ തെരഞ്ഞെടുപ്പിലും മമ്മൂട്ടി മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

തന്നെ ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും താനും ആരെയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ പ്രീസ്റ്റ് സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

തനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിലവില്‍ താല്‍പ്പര്യമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്, സിനിമ എന്നും അദ്ദേഹം പറഞ്ഞു.

തല്‍ക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുപടി.

തമിഴ്‌നാട്ടില്‍ നടന്മാര്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തില്‍ സെക്കന്റ് ഷോ അനുവദിച്ചതോടെയാണ് പ്രീസ്റ്റ് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

മാര്‍ച്ച് 11 നാണ് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിന്‍ ആണ്.

ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Mammootty clarifies whether he is contesting the Kerala Election 2021

We use cookies to give you the best possible experience. Learn more