14 വര്‍ഷത്തിന് ശേഷം മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മപര്‍വം ഇന്നലെയാണ് തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ബോക്‌സ് ഓഫീസ് തൂത്തുവാരിയിരിക്കുകയാണ് ഭീഷ്മയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുകയാണ്. ഭീഷ്മ പര്‍വത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടി എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പര്‍വം കണ്ടത്.
ഏരീസ് പ്ലെക്‌സ് എസ്.എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് നേടിയെന്നും പറയുന്നു.
അതേസമയം ക്ലാഷ് റിലീസായി ഇറങ്ങിയ ആഷിഖ് അബു- ടൊവിനോ ചിത്രം നാരദന് പ്രതീക്ഷിച്ചത്ര നേട്ടം കൊയ്യാനായില്ലെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
512 ഷോകളാണ് കേരളത്തില്‍ നാരദനുണ്ടായിരുന്നത്. 20 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഹേയ് സിനാമിക തിയേറ്ററുകള്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയും അമല്‍ നീരദും നേരത്തെ ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.
എണ്‍പതുകളിലെ കഥയാണ് ഭീഷ്മ പറഞ്ഞതെങ്കിലും സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്. എന്തായാലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി നിറഞ്ഞ തിയേറ്ററുകളില്‍ ഭീഷ്മ പര്‍വം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ മാസ് എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
അമല്‍ നീരദും മമ്മൂട്ടിയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അത് കൃത്യമായി തരാന്‍ ഭീഷ്മ പര്‍വ്വത്തിനായിട്ടുണ്ടെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മാസ്, സ്ലോ മോഷന്‍, പഞ്ച് ഡയലോഗ്‌സ്, സ്റ്റൈലിഷ് മേക്കിങ്ങ്, ബി.ജി.എം ഇതെല്ലാം ചേര്‍ന്ന് തിയേറ്ററില്‍ മികച്ച ഒരു എക്‌സ്പീരിയന്‍സ് തന്നെയാണ് ഭീഷ്മ പര്‍വ്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയത്.
Content Highlight: Mammootty Bheeshmaparvam Firstday collection