തുടര്‍ച്ചയായ വിജയങ്ങളിലൂടെ തിയേറ്ററുകളിലെ തന്റെ ആധിപത്യം ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. മലയാള സിനിമയിലെ അപൂര്‍വ്വനേട്ടം കൂടി മമ്മൂട്ടി സ്വന്തമാക്കി കഴിഞ്ഞു.
തിയേറ്ററിലിറങ്ങിയ അവസാന മൂന്ന് ചിത്രങ്ങളും 30 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെ, 30 കോടി+ കളക്ഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഹാട്രിക് വിജയം നേടുന്ന ആദ്യ മലയാളി നടനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
ഭീഷ്മ പര്‍വ്വം, സി.ബി.ഐ 5: ദ ബ്രെയ്ന്‍, റോഷാക്ക് എന്നീ സിനിമകളാണ് മമ്മൂട്ടിക്ക് വമ്പന്‍ വിജയം നല്‍കിയത്. മലയാളത്തിലെ മറ്റ് താരങ്ങളും തിയേറ്ററില്‍ 30+ കോടി ഹാട്രിക് വിജയം നേടിയിട്ടുണ്ടെങ്കിലും അതൊന്നും ഒരു കലണ്ടര്‍ വര്‍ഷത്തിലായിരുന്നില്ല എന്നതാണ് മമ്മൂട്ടിയുടെ വിജയത്തെ റെക്കോഡ് നേട്ടമാക്കുന്നത്.
മോഹന്‍ലാല്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നീ നടന്മാരുടെ ചിത്രങ്ങളാണ് നേരത്തെ ഹാട്രിക് വിജയം നേടിയിട്ടുള്ളത്.
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രം കൂടിയാണ്. 115 കോടിയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്.
സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ ദ ബ്രെയ്ന്‍ മികച്ച അഭിപ്രായം നേടിയില്ലെങ്കിലും 37 കോടി കളക്ഷന്‍ നേടിയിരുന്നു. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത റോഷാക്ക് ഇതിനോടകം തന്നെ പല സമീപകാല ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോഡുകളെ പിന്തള്ളിയാണ് മുന്നോട്ടു പോകുന്നത്.
റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ച നേടുന്ന കളക്ഷനില്‍ തല്ലുമാല, പാപ്പന്‍, ന്നാ താന്‍ കേസ് കൊട്, കടുവ എന്നീ ചിത്രങ്ങളുടെ റെക്കോഡിനെയാണ് മറികടന്നത്. ശനിയാഴ്ച 92 ലക്ഷം രൂപയാണ് റോഷാക്ക് നേടിയത്.
റോഷാക്കിന്റെ തിയേറ്ററിലെ പെര്‍ഫോമന്‍സിന് വലിയ പ്രത്യേകതകളുണ്ടെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. മേക്കിങ്ങിലും നരേഷനിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രമാണ് റോഷാക്കെന്നും അങ്ങനെയൊരു സിനിമക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.
അടുത്ത കാലത്തായി മമ്മൂട്ടിക്ക് നേരെ ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നായിരുന്നു തിയേറ്ററുകളില്‍ കളക്ഷന്‍ നേടാനാകുന്നില്ല എന്നത്. നൂറ് കോടി ക്ലബില്‍ കയറിയ സിനിമകളില്ലാത്തതും താരത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
എന്നാല്‍, ഭീഷ്മ പര്‍വ്വത്തിലൂടെ ആ നേട്ടം സ്വന്തമാക്കിയ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായി മാറിയിരിക്കുകയാണ് 2022 ഇപ്പോള്‍. തിയേറ്റര്‍ വിജയത്തോടൊപ്പം, നടനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും വ്യത്യസ്തയാര്‍ന്ന സിനിമകളുടെ ഭാഗമാകുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം.
Content Highlight: Mammootty becomes the first Malayalam actor to score a 30+crore collection in an year