ടെലിവിഷന്‍ പരമ്പരക്കായി ജോലിയില്‍ നിന്ന് ലീവെടുത്ത് കൂടെനില്‍ക്കാമോ എന്ന് മമ്മൂട്ടി ചോദിച്ചിരുന്നതായി ഡബ്ബിങ് ആര്‍ടിസ്റ്റ് പ്രൊഫ. അലിയാര്‍. ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്ത ജ്വാലയായ് എന്ന മമ്മൂട്ടി നിര്‍മിച്ച സീരിയലിന് വേണ്ടി നില്‍ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ തത്കാലം ലീവെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അത് തന്റെ ദൃഢനിശ്ചയമാണെന്നും മമ്മൂട്ടിയോട് മറുപടി പറഞ്ഞതായും സഫാരി ടി.വി.യിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ അലിയാര്‍ പറഞ്ഞു.
‘യൂണിവേഴ്‌സിറ്റി കോളേജില്‍ ജോലി ചെയ്യുമ്പോഴാണ് ഒരു ദിവസം മമ്മൂട്ടി ഒരു സീരിയല്‍ ചെയ്യാനാഗ്രഹിക്കുന്നു എന്ന കാര്യം പറയുന്നത്. മമ്മൂട്ടിയുമായി വളരെ നേരത്തെ തന്നെ എനിക്ക് ബന്ധമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വരുന്ന സമയത്തൊക്കെ അദ്ദേഹം വിളിക്കുകയും ഞങ്ങള്‍ കാണുകയും ചെയ്യാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഏതെങ്കിലും പുസ്തകം ആവശ്യമുണ്ടെങ്കില്‍ എന്നോട് വാങ്ങിത്തരാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു.
ഒരിക്കല്‍ അദ്ദേഹം എന്നോട് ഇപ്പോള്‍ എത്രയാണ് ശമ്പളം എന്ന് ചോദിച്ചു. ഞാന്‍ ശമ്പളം എത്രയാണെന്ന് പറഞ്ഞു. ഇരട്ടി പൈസ തരാം, തത്കാലം ജോലിയില്‍ നിന്ന് ലീവെടുത്ത് കൂടെ നില്‍ക്കണം, ചില ടെലിവിഷന്‍ പരിപാടികള്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് തന്നെ കെ.കെ. രാജീവും മമ്മൂട്ടിയുടെ സഹോദരനും ചേര്‍ന്ന് സുറുമി വീഡിയോസ് എന്ന പേരില്‍ പണികള്‍ ചെയ്യുന്നുണ്ടായിരുന്നു. ജോലി ലീവെടുത്ത് മറ്റെന്തെങ്കിലും പണികള്‍ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. 2002ല്‍ റിട്ടയര്‍മെന്റാണ്. അതു വരെ ലീവെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ ദൃഢനിശ്ചയമാണെന്ന് മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞു.
പിന്നീട് രണ്ടായിരമാണ്ടില്‍ ഒരു ദിവസം തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലുള്ള പങ്കജ് ഹോട്ടലില്‍ സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം വീണ്ടും സീരിയല്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞു. വയലാര്‍ മാധവന്‍കുട്ടിയെ പരിചയമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എനിക്കറിയാമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തെ വിളിക്കാന്‍ വേണ്ടി എന്നോട് പറഞ്ഞു.
അന്ന് വയലാര്‍ മാധവന്‍കുട്ടിയുടെ ദേവത എന്ന ഒരു സീരിയലിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അവിടെ പോയി ഞാന്‍ അദ്ദേഹത്തെ കണ്ടു, മമ്മൂട്ടിക്ക് സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് അദ്ദേഹത്തെ പങ്കജ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഞങ്ങള്‍ മൂന്ന് പേരും പങ്കജ് ഹോട്ടലില്‍ ഇരുന്ന് സംസാരിച്ചു. മമ്മൂട്ടി അദ്ദേഹത്തോട് കഥകള്‍ ആവശ്യപ്പെട്ടു. മൂന്ന് കഥകള്‍ അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ കഥ സീരിയലാക്കാമെന്ന് മമ്മൂട്ടി സമ്മതിച്ചു,’ അലിയാര്‍ പറഞ്ഞു.
content highlight; Mammootty asked whether he would give double the salary and take leave from work and stay with him: Prof. Aliar