കൊച്ചി: ഹരികൃഷ്ണന്‍സ്, നരസിംഹം, ഒരു അഭിഭാഷകന്റെ ഡയറിക്കുറിപ്പുകള്‍ തുടങ്ങി മമ്മൂട്ടി കറുത്ത കോട്ടണിഞ്ഞെത്തിയ ചിത്രങ്ങള്‍ അനവധിയാണ്. എല്ലാം ഒന്നിനൊന്ന് മികച്ചതും. എന്നാല്‍ സിനിമയ്ക്ക് പുറത്തും മമ്മൂട്ടി വക്കീലാണെന്നതാണ് വാസ്തവം. ഇതിലെന്ത് അത്ഭുതം എന്നല്ലേ?
എറണാകുളം ഗവണ്‍മെന്റ് ലോ കോളെജില്‍ നിന്ന് നിയമബിരുദമെടുത്തിട്ടുള്ള മമ്മൂട്ടി സിനിമയില്‍ ചുവടുറപ്പിക്കും മുന്‍പ് അഭിഭാഷകനായി മഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഇത് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു താനും. എന്നാല്‍ ഇപ്പോഴത്തെ താരപദവിയില്‍ എത്തിയതിന് ശേഷവും മമ്മൂട്ടി അഭിഭാഷകനായി കോടതിയില്‍ എത്തിയിട്ടുണ്ട്. സിനിമയിലല്ല, ജീവിതത്തില്‍.
സുഹൃത്തും നടിയുമായ ഇന്ദ്രജയ്ക്കുവേണ്ടിയാണ് മമ്മൂട്ടി ഒരിക്കല്‍ കേസ് വാദിക്കാനെത്തിയത്. നടിയും അവരുടെ മാനേജരും തമ്മില്‍ നിലനിന്നിരുന്ന ഒരു സാമ്പത്തിക തര്‍ക്കമായിരുന്നു വിഷയം. രണ്ട് വര്‍ഷമായിട്ടും നീക്കുപോക്കൊന്നുമില്ലാതെ കിടന്നിരുന്ന കേസിന്റെ വിവരം മമ്മൂട്ടി അറിയാനിടയായി. തുടര്‍ന്ന് സ്വമനസാലെ അദ്ദേഹം ഇന്ദ്രജയെ പ്രതിനിധീകരിച്ച് കോടതിയില്‍ വാദിക്കുകയായിരുന്നു. ആ കേസ് മമ്മൂട്ടി ജയിക്കുകയും ചെയ്തു.
മമ്മൂട്ടിയും സിദ്ധീഖും ഒരുമിച്ച ക്രോണിക് ബാച്ചിലറില്‍ ഇന്ദ്രജയും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് ഏറെ പ്രശംസ നേടിയിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു.