| Thursday, 28th October 2021, 11:13 pm

'കൂളിങ് ഗ്ലാസ്, കട്ടി മീശ, ജാക്കറ്റ്'; വൈറലായി മമ്മൂട്ടിയുടെ 'ഹംഗറി' സ്റ്റൈല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച വീഡിയോയാണ് ഇപ്പോല്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി ഹംഗറിയിലെത്തിയ മമ്മൂട്ടി അവിടെ നിന്നും പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ചുള്ളന്‍’ ലുക്കില്‍ കിടിലന്‍ ജാക്കറ്റുമണിഞ്ഞ് ഹംഗറിയിലെ നഗരവീഥിയിലൂടെ നടന്നുപോകുന്ന വീഡിയോയാണ് മമ്മൂട്ടി ഷെയര്‍ ചെയ്തത്. വൈ.എസ്.ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഏജന്റിന്റെ ഇന്ത്യയിലെ ചിത്രീകരണം കശ്മീര്‍, ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണുണ്ടാകുക.

ഹംഗറിയില്‍ അഞ്ച് ദിവസമാണ് മമ്മൂട്ടിയൂടെ ഷൂട്ട്. മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 12ന് ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് യൂറോപ്പിലാണ്.

ചിത്രത്തിന് റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍.

ഏജന്റിന്റെ നായക കഥാപാത്രത്തോട് തുല്യ പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പട്ടാള ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സാക്ഷി വിദ്യയാണ് നായിക.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് എ.കെ. എന്റര്‍ടെയ്ന്‍മെന്റ്‌സും സുരേന്ദര്‍ സിനിമയും ചേര്‍ന്നാണ്.

ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകുല്‍ ഹെരിയനാണ്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. എഡിറ്റിങ് നവീന്‍ നൂലി.

അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ മലയാള ചിത്രം പുഴു ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. പാര്‍വതി നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ഷര്‍ഷാദാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Mammootty arrives in Hungary for shooting of Telugu movie ‘Agent’

Latest Stories

We use cookies to give you the best possible experience. Learn more