കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഒറ്റിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. പിന്നീട് ഡേറ്റ് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് സിനിമ റിലീസ് ചെയ്യും. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണമാണ് നേരത്തെ തീയതി മാറ്റിയിരുന്നത്. അതേസമയം മലയാളം പതിപ്പിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ടു ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായതിനാല്‍ ഒരേ ദിവസം റിലീസ് ചെയ്യാന്‍ വേണ്ടിയാണ് തീയതി മാറ്റിയത്.
തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തിരക്കഥ എഴുതിയിരിക്കുന്നത് എസ്. സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട്, ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ലുകേസ് എന്നിവയാണ് ഓണത്തിന് എത്തുന്ന മറ്റ് റിലീസുകള്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥ പറയുന്ന വിനയന്‍ ചിത്രത്തില്‍ സിജു വില്‍സണാണ് നായകന്‍. ബിജു മേനോന്‍, റോഷന്‍ മാത്യു എന്നിവരാണ് ഒരു തെക്കന്‍ തല്ലുകേസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
Content Highlight: Mammootty announced the release date of Ottu on septemper 8