| Saturday, 27th April 2024, 11:19 am

14 വര്‍ഷങ്ങള്‍ക്ക് ശേഷം ആക്ഷന്‍ ത്രില്ലറുമായി മധുര രാജയും സൂര്യയും ഒന്നിക്കുന്നു; റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന് സൂചനകള്‍. ഇരുവരും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണെന്നും ആ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് നവാഗത സംവിധായകനായ ജിതിന്‍ കെ. ജോസാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കുറുപ്പ് സിനിമയുടെ കഥാകൃത്താണ് ജിതിന്‍ കെ. ജോസ്. മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് മെയ് 15ന് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചിത്രത്തെ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

2010ല്‍ ഉദയ്കൃഷ്ണ – സിബി കെ. തോമസ് എന്നിവരുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പോക്കിരി രാജയായിരുന്നു മമ്മൂട്ടിയും പൃഥ്വിയും ഒന്നിച്ച അവസാന ചിത്രം. കുന്നത്ത് രാജ എന്ന മധുര രാജയായി മമ്മൂട്ടിയും സഹോദരനായ കുന്നത്ത് സൂര്യ നാരായണനായി പൃഥ്വിരാജും എത്തിയ ചിത്രം 2010ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.

ചിത്രത്തില്‍ സഹോദരങ്ങളായാണ് ഇരുവരും എത്തിയത്. മമ്മൂട്ടിക്കും പൃഥ്വിരാജിനും പുറമെ ശ്രിയ ശരണ്‍, സിദ്ദിഖ്, നെടുമുടി വേണു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെ സിനിമയില്‍ ഒന്നിച്ചിരുന്നു.

2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പില്‍ പൃഥ്വിരാജ് അതിഥിവേഷത്തില്‍ എത്തിയിരുന്നെങ്കിലും ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പോക്കിരി രാജക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാകും അതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Mammootty And Prithviraj Sukumaran Reunites For Action Thriller Movie

We use cookies to give you the best possible experience. Learn more