| Wednesday, 2nd February 2022, 3:12 pm

വേര്‍പാടിന്റെ 12 വര്‍ഷങ്ങള്‍; കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമായ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് 12 വര്‍ഷമാവുകയാണ്. തിരക്കഥാകൃത്തായും സംവിധായകനായും നടനായുമൊക്കെ മലയാളസിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്ത് അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍.
വേര്‍പാടിന്റെ 12ാം വര്‍ഷത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ ഓര്‍മിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.

കൊച്ചിന്‍ ഹനീഫയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഓര്‍മപ്പൂക്കള്‍ എന്നാണ് ഇരുവരും കുറിച്ചത്.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിലാണ് കൊച്ചിന്‍ ഹനീഫ വേഷമിട്ടത്. അതിനിടക്ക് ഹനീഫ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളില്‍ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകന്‍. അതില്‍ വാത്സല്യം എന്ന ചിത്രം ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു.

ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂര പൊട്ടിന്റെ ഓര്‍മയ്ക്ക്, മൂന്നുമാസങ്ങള്‍ക്ക് മുന്‍പ്, ഒരു സന്ദേശം കൂടി എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍ എന്നീ ചിത്രങ്ങളും ഹനീഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി.

മലയാളത്തിനു പുറമെ, ആറോളം ചിത്രങ്ങള്‍ തമിഴിലും ഹനീഫ സംവിധാനം ചെയ്തിരുന്നു. അടിമചങ്ങല, ആരംഭം, താളം തെറ്റിയ താരാട്ട്, സന്ദര്‍ഭം, ഇണക്കിളി, കടത്തനാടന്‍ അമ്പാടി എന്നിങ്ങനെ പതിനാറോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ചുണ്ടെങ്കിലും ഓര്‍മയിലേക്ക് ആദ്യം ഓടിയെത്തുക കൊച്ചിന്‍ ഹനീഫയുടെ ഹാസ്യകഥാപാത്രങ്ങള്‍ ആവും.

പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയേയും മന്നാര്‍ മത്തായിയിലെ എല്‍ദോയേയും കിരീടത്തിലെ ഹൈദ്രോസിനെയും പുലിവാല്‍ കല്യാണത്തിലെ ധര്‍മ്മേന്ദ്രയേയും സ്വപ്നക്കൂടിലെ ഫിലിപ്പോസിനെയും സി.ഐ.ഡി മൂസയിലെ വിക്രമനെയും തിളക്കത്തിലെ ഭാസ്‌കരനെയുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ്.


Content Highlight: mammootty and mohanlal shares the memmories of kochin haneefa

We use cookies to give you the best possible experience. Learn more