| Monday, 15th May 2023, 7:03 pm

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വന്നിരിക്കുന്നത് ഏതെങ്കിലും പ്രൊഡ്യൂസറുടെ തോളില്‍ ചവിട്ടി തന്നെയല്ലേ: സുരേഷ്‌ കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എല്ലാവരും വന്നിരിക്കുന്നത് ഏതെങ്കിലും പ്രൊഡ്യൂസര്‍മാരുടെ തോളില്‍ ചവിട്ടിയാണെന്ന് നിര്‍മാതാണ് ജി. സുരേഷ്‌ കുമാര്‍. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡ്യൂസര്‍മാരുടെ വിയര്‍പ്പിന്റെ വിലയാണ് നടന്‍മാരുടെ സ്റ്റാര്‍ഡം എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

‘താരകേന്ദ്രീകൃതമാണ് സിനിമ. അല്ല എന്ന് പറയുന്നില്ല. പക്ഷെ അതിനനുസരിച്ച ബിസിനസ് ലഭിക്കുന്നില്ലല്ലോ. ഒരു താരത്തിന്റെ പടം തിയേറ്ററില്‍ പരാജയപ്പെട്ടാലും അയാള്‍ അടുത്ത പടത്തിന് പ്രതിഫലം വര്‍ദ്ധിപ്പിക്കും. ഒരു പടം വിജയിച്ചതിന് ശേഷം അഞ്ചോ പത്തോ രൂപ കൂട്ടിയാല്‍ നമുക്ക് മനസ്സിലാക്കാനാകും, പക്ഷെ പടം പൊട്ടിയാലും അടുത്ത പടത്തിന് പ്രതിഫലം കൂട്ടുകയാണ്.

ഓരോ പടം കഴിയുന്തോറും റേറ്റ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ച് വരുമാനം ലഭിക്കുന്നില്ല. വരുമാനം കുറഞ്ഞ് വരികയാണ്. ബിസിനസിന് അനുസരിച്ച് റെമ്യൂണറേഷന്‍ പറയട്ടെ. അതല്ലാതെ അവര്‍ക്കനുസരിച്ച് റെമ്യൂണറേഷന്‍ പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടായിരിക്കും.

അവര് പറയുക നിങ്ങള്‍ വേണമെങ്കില്‍ വിളിച്ചാല്‍ മതിയെന്നാണ്. അതിനെനിക്ക് മറുപടിയുണ്ട്. വേണമെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് ഇപ്പോഴാണ് പറയുന്നത്. അവരൊക്കെ പ്രൊഡ്യൂസര്‍മാരായതിന് ശേഷമാണ് ഇങ്ങനെ പറയാന്‍ തുടങ്ങിയത്. എന്ത് കൊണ്ടാണ് ഇവര്‍ പ്രൊഡ്യൂസര്‍മാരായത്. 2019ന് മുമ്പ് എത്രപേര്‍ പ്രൊഡ്യൂസ് ചെയ്തു. ആരെങ്കിലും പ്രൊഡ്യൂസ് ചെയ്‌തോ. കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാവരും ഇപ്പോള്‍ പ്രൊഡ്യൂസ് ചെയ്യുന്നത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ കണ്ടുകൊണ്ടാണ്.

ഏതെങ്കിലും പ്രൊഡ്യൂസര്‍മാരുടെ തോളില്‍ ചവിട്ടിയല്ലേ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എല്ലാവരും വന്നിരിക്കുന്നത്. പല പ്രൊഡ്യൂസര്‍മാരുടെയും വിയര്‍പ്പല്ലെ ഇവരുടെയൊക്കെ സ്റ്റാര്‍ഡം. അതും കൂടെ അവര്‍ മനസ്സിലാക്കണം. അവരെ ഞാന്‍ ആക്ഷേപിക്കുന്നതല്ല. പക്ഷെ ഇതാണ് കാര്യം, കുറെ പ്രൊഡ്യൂസര്‍മാര്‍ ത്യാഗം ചെയ്തിട്ടാണ് നടന്‍മാരുണ്ടാകുന്നത്. ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണോ, വീട്ടില്‍ നിന്ന് കാശ് കൊണ്ട് വന്ന് സിനിമയെടുത്തോ ഇവിടെ ആരും നടന്‍മാരായിട്ടില്ല,’ സുരേഷ്‌ കുമാര്‍ പറഞ്ഞു.

content highlights: Mammootty and Mohanlal have come by stepping on the shoulders of some producer: Suresh Kumar

We use cookies to give you the best possible experience. Learn more