| Tuesday, 1st November 2016, 11:26 am

ഞാനും മോഹന്‍ലാലും മലയാള സിനിമയെ കുറിച്ച് കാണുന്നത് ഒരേ സ്വപ്‌നം : മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള സോഫ്റ്റവെയറുകള്‍ ഭാവിയില്‍ വന്നേക്കാമെന്നും അപ്പോഴും മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുമെന്നും മമ്മൂട്ടി


താനും മോഹന്‍ലാലുമെല്ലാം മലയാള സിനിമയെ കുറിച്ച് കാണുന്നത് ഒരേ സ്വപ്‌നമാണെന്ന് നടന്‍ മമ്മൂട്ടി. നമ്മുടെ സിനിമ അതിര്‍ത്തികളെ ഭേദിക്കുക എന്നതാണ് അതെന്നും മമ്മൂട്ടി പറയുന്നു.

ലോകമാകെ മലയാള സിനിമയെത്തുകയെന്നതാണ് ഞങ്ങളുടെ സ്വപ്നം. കേരളത്തിന് പുറത്ത് രണ്ടായിരവും മൂവായിരവും തിയേറ്ററുകളില്‍  സിനിമകള്‍ റിലീസ് ചെയ്യാനാകുമ്പോള്‍ ഭാഷയെന്ന നിലയില്‍ നാം ഒറ്റ ജനതയാകും. അതിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമയെന്നും മമ്മൂട്ടി പറയുന്നു.

ഭാഷയുടെ അതിര്‍വരമ്പ് മായ്ക്കുന്ന സിനിമയുടെ കാലം ഇനി വന്നേക്കാം.  എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള സോഫ്റ്റവെയറുകള്‍ ഭാവിയില്‍ വന്നേക്കാമെന്നും അപ്പോഴും മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുമെന്നും മമ്മൂട്ടി പറയുന്നു.

നസീര്‍, സത്യന്‍, ജയന്‍, മധു തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങള്‍ അനീതിക്കെതിരെ നടത്തിയ പോരാട്ടത്തിനു കയ്യടിച്ചാണ് കുട്ടിയായ ഞാനും വളര്‍ന്നത്. ആ പോരാട്ടങ്ങള്‍ക്കും വിജയത്തിനും കിട്ടുന്ന കയ്യടിയാണ് അവരെപ്പോലെയാകണമെന്ന സ്വപ്‌നം എന്നിലും ഉണ്ടാക്കിയതെന്നും മമ്മൂട്ടി പറയുന്നു.

മലബാറും കൊച്ചിയും തിരുവിതാംകൂറുമായി വേര്‍പെട്ടുനിന്ന നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നവരാണെന്ന സംഘബോധമുണര്‍ത്തുന്നതില്‍ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വേര്‍പെട്ടുനിന്ന ജനത പരസ്പരം കണ്ടതു സിനിമകളിലൂടെയാണ്. കേരളം എന്ന യാഥാര്‍ഥ്യത്തിനു പിന്നില്‍ സിനിമ ഒരു പ്രസ്ഥാനം തന്നെയായി നിന്നെന്നും മമ്മൂട്ടി പറയുന്നു.

നവോത്ഥാന സ്വാതന്ത്ര്യ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലെ മലയാളിയെ നവീകരിക്കുന്നതില്‍ സിനിമയും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവനും വാരിപ്പിടിച്ച് ഓടിരക്ഷപെടേണ്ടി വന്ന റോസി ഇന്നും വലിയൊരു സങ്കടമാണ്. കേരളീയ സമൂഹം എന്തായിരുന്നു എന്നറിയാന്‍ വിഗതകുമാരനിലെ നായികയായിരുന്ന റോസിയുടെ കഥ മാത്രം അറിഞ്ഞാല്‍ മതിയെന്നും മമ്മൂട്ടി പറയുന്നു.

We use cookies to give you the best possible experience. Learn more