| Sunday, 20th March 2022, 5:18 pm

ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ഒപ്പം ഞങ്ങളുമുണ്ട്; ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ ലാലും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ ലാലും. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെയെന്നും പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നുവെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍,’ മമ്മൂട്ടി എഴുതി.

മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം, പ്രാര്‍ത്ഥനയോടെ, ആശംസകളോടെ താനുമുണ്ടെന്ന്
മോഹന്‍ ലാലും പറഞ്ഞു.

‘ആവേശത്തിരയില്‍ കേരളം നിറഞ്ഞാടുമ്പോള്‍, മലയാള മനസ്സുകളില്‍ പ്രതീക്ഷയുടെ കാല്‍പ്പന്തുരുളുമ്പോള്‍, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം, പ്രാര്‍ത്ഥനയോടെ, ആശംസകളോടെ,’ മോഹന്‍ ലാല്‍ പറഞ്ഞു.

ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.

സെമിയില്‍ ലീഗ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്.സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ.്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എ.ടി.കെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.

ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പ്പനയ്ക്ക് വെച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു.

കഴിഞ്ഞ ദിവസം സ്റ്റേഡിയം മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനൊവിച്ച് കേരള ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ചിരുന്നു.

നിരവധി ആരാധകരാണ് ഇത്തരത്തില്‍ മര്‍ഗോവയിലെത്തുന്നത്. ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഫ്ളൈറ്റില്‍ വരെ ആരാധകര്‍ സ്റ്റേഡിയത്തെ ആവേശത്തിലാക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Content Highlights: Mammootty and Mohanlal congratulate Kerala Blasters team on their preparations for the ISL Final

We use cookies to give you the best possible experience. Learn more