| Thursday, 16th May 2024, 12:21 pm

റീ റിലീസിലൂടെ ഏറ്റുമുട്ടാന്‍ മമ്മൂക്കയും ലാലേട്ടനും; സൂപ്പര്‍താരങ്ങളുടെ പത്തോളം ക്ലാസിക് സിനിമകള്‍ വീണ്ടുമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ഇപ്പോള്‍ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ ഭൂരിഭാഗവും മികച്ച വിജയചിത്രമായിരുന്നു. ചില സിനിമകള്‍ കേരളത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ പോലും റെക്കോഡ് കളക്ഷന്‍ നേടിയിരുന്നു.

ഇതിനിടയില്‍ മലയാളത്തിലെ ചില ക്ലാസിക്ക് സിനിമകള്‍ വീണ്ടും തിയേറ്ററില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ്. സിനിമാ പ്രേമികള്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്ത തന്നെയാണിത്. ഏകദേശം പത്തോളം സിനിമകളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്.

ഒരു വടക്കന്‍ വീരഗാഥ, മണിച്ചിത്രത്താഴ്, ദേവാസുരം, ആറാംതമ്പുരാന്‍, ദേവദൂതന്‍, കാലാപാനി, വല്യേട്ടന്‍, 1921, പാലേരിമാണിക്യം – ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ സിനിമകളാണ് റീ റിലീസിന് തയ്യാറെടുക്കുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നാണ് വടക്കന്‍ വീരഗാഥ. 1989ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ ചന്തുവായി എത്തിയത് മമ്മൂട്ടിയായിരുന്നു. വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയില്‍ ഹരിഹരനായിരുന്നു സംവിധാനം ചെയ്തത്.

ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. മമ്മുട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍ കാരണമായ വടക്കന്‍ വീരഗാഥ എസ്. ക്യൂബ് ഫിലിംസാണ് വീണ്ടും തിയേറ്ററുകളിലേക്ക് കൊണ്ടുവരുന്നത്. 35 വര്‍ഷത്തിനു ശേഷമാണ് ചിത്രം റീ റിലീസിന് എത്തുന്നത്.

31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ മധു മുട്ടം തിരക്കഥ രചിച്ച് ഫാസില്‍ സംവിധാനം ചെയ്ത സിനിമയാണ് ഇത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്.

റീമാസ്റ്ററിങ് ചെയ്ത് റീ റിലീസിന് എത്തുന്ന മണിച്ചിത്രത്താഴ് മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് പുറത്തിറക്കുന്നത്. ജൂലായ് 12നോ ഓഗസ്റ്റ് 17നോ ആയി ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറ്റിനി നൗ തന്നെയാണ് വല്യേട്ടന്‍, 1921, ആറാംതമ്പുരാന്‍, ദേവാസുരം, കാലാപാനി എന്നീ ചിത്രങ്ങള്‍ റീ റിലീസിനായി റീമാസ്റ്ററിങ് ചെയ്യുന്നത്. 24 വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളില്‍ എത്തുന്ന ദേവദൂതന്റെ എഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ പറയുന്നു.

അതേസമയം പാലേരിമാണിക്യം – ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയെന്ന മമ്മൂട്ടി ചിത്രത്തിന്റെ എഡിറ്റിങ്ങുകള്‍ ആരംഭിച്ചിട്ടേയുള്ളു. 1989ല്‍ പുറത്തിറങ്ങിയ കിരീടം റീ റിലീസ് ചെയ്യാനുള്ള ആലോചനയുണ്ടെന്ന് നിര്‍മാതാവ് കിരീടം ഉണ്ണിയും പറയുന്നുണ്ട്.

Content Highlight: Mammootty And Mohanlal Classic Movies Re-release Soon

We use cookies to give you the best possible experience. Learn more