Film News
മമ്മൂട്ടി - ജ്യോതിക ചിത്രം കാതലിന്റെ പ്രീ - റിലീസ് ടീസര്‍ പുറത്തു വിട്ട് മമ്മൂട്ടി കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 21, 02:58 pm
Tuesday, 21st November 2023, 8:28 pm

മമ്മൂട്ടി – ജ്യോതിക ചിത്രം കാതല്‍ ദി കോറിന്റെ പ്രീ-റിലീസ് ടീസര്‍ പുറത്തു വിട്ട് മമ്മൂട്ടി കമ്പനി. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് കാതല്‍. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

49 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് ഈ പ്രീ-റിലീസ് ടീസറിനുള്ളത്. ‘എന്തായാലും ഒരു കാര്യത്തില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

നിങ്ങള്‍ക്ക് ഒരു ഏനക്കേട് വരുന്നെന്ന് അറിഞ്ഞാല്‍ എനിക്ക് വിഷമം ആകും, എന്റെ മനസ് വേദനിക്കും എന്നൊക്കെയുള്ള ബോധം നിങ്ങള്‍ക്ക് ഉണ്ടല്ലോ,’ എന്ന ജ്യോതികയുടെ ഡയലോഗിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

ഈ പ്രീ-റിലീസ് ടീസറില്‍ മമ്മൂട്ടിയും ജ്യോതികയും തമ്മിലുള്ള കെമിസ്ട്രി വളരെ വ്യക്തമാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍ ദി കോര്‍.

കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Mammootty And Jyothika Movie Kaathal The Core Pre Release Teaser Out