| Wednesday, 1st January 2025, 9:35 am

ഹിറ്റുകളുടെ എണ്ണത്തില്‍ മമ്മൂട്ടിക്കൊപ്പം ബേസിലും, ഒ.ടി.ടി ഡീലില്‍ തിളങ്ങി മോഹന്‍ലാലും ദുല്‍ഖറും, മലയാളസിനിമയുടെ 2024 ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വര്‍ഷമായിരുന്നു 2024. ഒരുപാട് മികച്ച സിനിമകള്‍ പിറക്കുകയും അതില്‍ പലതും കേരളത്തിന് പുറത്ത് ചര്‍ച്ചയാവുകയും ചെയ്ത വര്‍ഷം കൂടിയാണ് 2024. തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ സൂര്യയുടെ തമിഴ്‌നാട്ടിലെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ മലയാളസിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് തകര്‍ക്കുകയും ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. 200 കോടിയോളമാണ് ചിത്രം നേടിയത്.

ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയും ബേസിലുമാണ്. മമ്മൂട്ടി നാകയനായ രണ്ട് ചിത്രങ്ങളും അതിഥിവേഷത്തിലെത്തിയ ഒരു സിനിമയുമാണ് 2024ല്‍ തിയേറ്ററുകളിലെത്തിയത്. പെര്‍ഫോമന്‍സ് കൊണ്ട് ഭ്രമയുഗത്തില്‍ ഞെട്ടിച്ചതിനോടൊപ്പം ചിത്രം മികച്ച കളക്ഷനും നേടി. മാസ് മസാല ഴോണറില്‍ പുറത്തിറങ്ങിയ ടര്‍ബോയും കളക്ഷനില്‍ മികച്ചുനിന്നു. അതിഥിവേഷത്തിലെത്തിയ ഒസ്‌ലറും കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി മാറി.

ബേസില്‍ ജോസഫ് നായകനായ മൂന്ന് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയത്. ഗുരുവായൂരമ്പല നടയില്‍ 90 കോടിയോളം നേടി ബ്ലോക്ക്ബസ്റ്ററായപ്പോള്‍ നുണക്കുഴിയും സൂക്ഷ്മദര്‍ശിനിയും സൂപ്പര്‍ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. ഇതിന് പുറമെ അതിഥിവേഷത്തിലെത്തിയ വാഴയും സപ്പോര്‍ട്ടിങ് റോളിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷവും മികച്ച വിജയം സ്വന്തമാക്കി.

സോളോ ഹീറോയായി ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ താരങ്ങള്‍ പൃഥ്വിരാജും ഫഹദ് ഫാസിലുമാണ്. ആടുജീവിതവും ആവേശവും ബോക്‌സ് ഓഫീസ് നമ്പറുകള്‍ കൊണ്ടും ഇരുവരുടെയും പെര്‍ഫോമന്‍സ് കൊണ്ടും മികച്ചു നിന്ന വര്‍ഷം കൂടിയായിരുന്നു 2024. 150 കോടിക്കുമുകളിലാണ് രണ്ട് ചിത്രങ്ങളും കളക്ട് ചെയ്തത്.

മലയാളത്തിലെ മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിന് കഴിഞ്ഞ വര്‍ഷം നിരാശയുടേതായിരുന്നു. വന്‍ ഹൈപ്പിലെത്തിയ മലൈക്കോട്ടൈ വാലിബന്‍ 2024ലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. വര്‍ഷാവസാനം പുറത്തിറങ്ങിയ ബാറോസും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയില്ല.

എന്നിരുന്നാലും മലയാളത്തിലെ ഏറ്റവും മികച്ച ഒ.ടി.ടി ഡീല്‍ മോഹന്‍ലാലിന്റെ പേരിലാണ്. റെക്കോഡ് തുകക്കാണ് ബാറോസ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ഏറ്റെടുത്തത്. അതുപോലെ ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറും വന്‍ തുകക്കാണ് ഒ.ടി.ടി ഡീല്‍ ഉറപ്പിച്ചത്. ഒരു മലയാളനടന് കിട്ടാവുന്ന ഏറ്റവുമുയര്‍ന്ന ഒ.ടി.ടി ഡീലാണ് ലിക്കി ഭാസ്‌കറിലൂടെ പിറവിയെടുത്തത്.

2024ലെ കുതിപ്പ് ഈ വര്‍ഷവും തുടരുമെന്നാണ് താരങ്ങളുടെ വരുംചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 2025ന്റെ തുടക്കത്തില്‍ തന്നെ ഒരുപിടി മികച്ച സിനിമകള്‍ തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. ടൊവിനോ ചിത്രം ഐഡന്റിറ്റി, ആസിഫ് അലിയുടെ രേഖാചിത്രം, മമ്മൂട്ടിയുടെ ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്, മോഹന്‍ലാലിന്റെ തുടരും എന്നിവയാണ് ജനുവരി റിലീസുകള്‍.

Content Highlight: Mammootty and Basil Joseph had three hits in 2024

We use cookies to give you the best possible experience. Learn more