| Sunday, 6th January 2019, 12:17 pm

പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദം.. അല്ലേടാ; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഷൂട്ടിംഗ് ഇടവേളയില്‍ മമ്മൂട്ടിയുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവെച്ചുള്ള കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. സമകാലിക സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇരുവരുടെയും സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

“സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

ALSO READ: മതമല്ല മനുഷ്യത്വമാണ് വലുത്: ടൊവിനോ തോമസ്

കനത്ത ഒരു മൂളലോടെ മമ്മൂക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

“പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?”

ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ കയറിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി വ്യാഴാഴ്ച നടത്തിയ ഹര്‍ത്താലിനു ശേഷവും സംസ്ഥാനത്ത് പലയിടത്തും ആക്രമണമുണ്ടാകുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more