1980 കളുടെ പകുതിയോടെയാണ് മമ്മൂട്ടിയെന്ന നടന്‍ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നത്. ഐ.വി ശശി-എംടി കൂട്ടുകെട്ടിലും ഐ.വി ശശി- ടി.ദാമോദരന്‍ കൂട്ടുകെട്ടിലും പിറന്ന നിരവധി ഹിറ്റുകള്‍ മമ്മൂട്ടിയെന്ന നടന്റെ സിംഹാസനം മലയാള സിനിമയില്‍ ഉറപ്പിക്കുന്നതായിരുന്നു. തുടരെ തുടരെ പിറന്ന ഹിറ്റുകള്‍ പിന്ന കാലഘട്ടമായിരുന്നു അത്.
എന്നാല്‍ 1985 ല്‍ മാത്രം മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്തിയ 35 സിനിമകളില്‍ പലതും പരാജയമായി. മമ്മൂട്ടിയെന്ന നടന്‍ അവസാനിച്ചുവെന്ന് ചിലരെങ്കിലും വിധിയെഴുതിയ സമയമായിരുന്നു അന്ന്.
എന്നാല്‍ 1987 ല്‍ ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി തിയേറ്ററില്‍ എത്തിയ ന്യൂഡല്‍ഹി എന്ന സിനിമ മമ്മൂട്ടിയെന്ന നടന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി ഉറപ്പിച്ചു. നിറക്കൂട്ട്, ശ്യാമ എന്നീ ഹിറ്റുകള്‍ മമ്മൂട്ടിക്കായി നല്‍കിയ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ന്യൂഡല്‍ഹിയും പിറന്നത്.
ദല്‍ഹിയില്‍ ഭൂരിഭാഗവും ഷൂട്ട് ചെയ്ത ചിത്രം മലയാള സിനിമയിലെ ബോക്‌സ് ഓഫീസിലും വലിയ കളക്ഷന്‍ നേടി മുന്നേറി. തൊട്ടടുത്ത വര്‍ഷം തന്നെ ജോഷി- ഡെന്നീസ് ജോസഫ് ടീമിന്റെ നായര്‍ സാബും സംഘവും മമ്മൂട്ടിയുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളായി.
പിന്നാലെ റിലീസ് ആയ ഐ.വി ശശി ചിത്രം ആവനാഴിയും സിബി മലയിന്റെ തനിയാവര്‍ത്തനവും ഓഗസ്റ്റ് 1, മുദ്ര എന്നീ ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ വീണ്ടും ഇടപിടിച്ചു.
എം.ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥ മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് ചരിത്രം തന്നെ തിരുത്തിയെഴുതി എക്കാലത്തേയും വലിയ ഹിറ്റായി. മമ്മൂട്ടി എന്ന നടന്‍ ചന്തുവെന്ന കഥാപാത്രത്തിലൂടെ ആരാധക ഹൃദയങ്ങളില്‍ വീരപുരുഷനായി.
ഇതിനിടെയെത്തിയ സിബി.ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യറും കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചനും മമ്മൂട്ടിയുടെ വ്യത്യസ്തമായ രൂപഭാവങ്ങള്‍ മലയാളി സിനിമാ ആസ്വാദകര്‍ക്ക് സമ്മാനിച്ചു.
തിയേറ്ററിലിരിക്കുന്ന ഓരോ പ്രേക്ഷകരേയും ഊറ്റംകൊള്ളിക്കുന്ന ഡയലോഗുകളായിരുന്നു മമ്മൂട്ടി ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.