ആ കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല, ഷൂട്ടിങ് നിര്‍ത്തി, എനിക്ക് ടെന്‍ഷനായി: നന്‍പകല്‍ ഷൂട്ടിനെ കുറിച്ച് മമ്മൂട്ടി
Entertainment
ആ കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല, ഷൂട്ടിങ് നിര്‍ത്തി, എനിക്ക് ടെന്‍ഷനായി: നന്‍പകല്‍ ഷൂട്ടിനെ കുറിച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th January 2023, 8:00 pm

നന്‍പകല്‍ നേരത്ത് സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് കയ്യടിയുയരുകയാണ്. നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ജെയിംസും സുന്ദരവുമെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.

ചിത്രത്തിലെ ഇമോഷണല്‍ സീന്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് മമ്മൂട്ടിയും രമ്യ പാണ്ഡ്യയും. ഈ രംഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് മുത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി ശരിക്കും കരഞ്ഞുപോയെന്ന് ഇരുവരും പറഞ്ഞു.

വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൂട്ടിങ് അനുഭവങ്ങള്‍ മമ്മൂട്ടയും രമ്യയും പങ്കുവെച്ചത്. നന്‍പകലിലെ മറ്റ് അഭിനേതാക്കളും അഭിമുഖത്തിലുണ്ടായിരുന്നു.

‘ആ സീനിലെ മമ്മൂട്ടി സാറിന്റെ അഭിനയം കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായി. എന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവായ സുന്ദരമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന് അറിയാം, പക്ഷെ ആ സീനില്‍ മമ്മൂട്ടി സാര്‍ ഓരോ ഡയലോഗുകളായി പറഞ്ഞു വന്നപ്പോള്‍ സീനിന്റെ ഇംപാക്ട് വല്ലാതെ കൂടിവന്നു.

മകളായി അഭിനയിച്ച കുട്ടി കരച്ചിലായി. അഞ്ച് മിനിട്ടോളം ആ കുട്ടി നിര്‍ത്താതെ കരഞ്ഞു. അവസാനം മമ്മൂട്ടി സാര്‍ പോയാണ് ആ കുട്ടിയെ സമാധാനിപ്പിച്ചത്’ രമ്യ പാണ്ഡ്യ പറഞ്ഞു.

കുട്ടി എന്തിനാണ് കരയുന്നത് എന്ന് പോലും ആദ്യം തനിക്ക് മനസിലായില്ലെന്ന് മമ്മൂട്ടിയും പറഞ്ഞു. ‘ആ പറഞ്ഞത് ശരിയാണ്. ആ കുട്ടി വലിയ കരച്ചിലായി. കുറെ നേരം ആ കൊച്ച് കരഞ്ഞു. എനിക്ക് ടെന്‍ഷനായി. ആകെ പ്രശ്‌നമായി, ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നു.

പിന്നെ ഞാന്‍ പോയി ചിരിച്ചു കാണിച്ചു കൊടുത്തു. പക്ഷെ ആ കുട്ടി മുഖത്തേക്ക് നോക്കാതെ കൂനിക്കൂടിയിരുന്ന് കരച്ചില്‍ തന്നെയായിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ലെന്നൊക്കെ പറഞ്ഞാണ് അവസാനം ശരിയാക്കിയത്.

എന്തിനാണ് എല്ലാവരും ഇങ്ങനെ കരഞ്ഞത് എന്ന് എനിക്കറിയാന്‍ പാടില്ല. ആ കുട്ടിക്ക് പതിനാറ് വയസോ മറ്റോ ഉള്ളു. സിനിമയില്‍ സ്‌പോര്‍ട്‌സ് താരമായാണ് വരുന്നത്. സിനിമയില്‍ അഭിനയിക്കുന്നതുകൊണ്ടാണ് ആദ്യമായി അത്തരം സീന്‍ വന്നപ്പോള്‍ പെട്ടെന്ന് കരച്ചിലായത് എന്ന് തോന്നുന്നു,’ മമ്മൂട്ടി പറഞ്ഞു.

ഐ.എഫ്.എഫ്.കെയില്‍ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 18നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

Content Highlight: Mammootty about the girl who cried while shooting an emotional scene in Nanpakal Nerathu Mayakkam