Advertisement
Film News
ജോക്കറിലെ പെണ്ണിനെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ രമ്യക്ക് പകരം ആളുമാറി വേറൊരു പെണ്ണിനെ കൊണ്ടുവന്നു, ഒടുവില്‍ പരിഹരിച്ചതിങ്ങനെ: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 03, 02:19 am
Friday, 3rd February 2023, 7:49 am

നന്‍പകല്‍ നേരത്ത മയക്കത്തില്‍ മമ്മൂട്ടിയുടെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു രമ്യ പാണ്ഡ്യന്‍. തമിഴില്‍ നിരവധി സിനിമകള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ രമ്യയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു നന്‍പകല്‍. എന്നാല്‍ നേരത്തെ തന്നെ രമ്യ മലയാളത്തിലേക്ക് എത്തേണ്ടിയിരുന്നതാണെന്ന് പറയുകയാണ് മമ്മൂട്ടി.

ജോക്കര്‍ എന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം മറ്റൊരു ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രമ്യയെ വിളിക്കാം എന്ന് താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വിളിക്കാന്‍ പോയവര്‍ ആള് മാറി മറ്റൊരു പെണ്‍കുട്ടിയെ വിളിച്ചെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘രമ്യക്ക് നേരത്തെ ഒരു ചാന്‍സ് നഷ്ടമായിട്ടുണ്ട്. ഒരു സിനിമയില്‍ ഇതുപോലെ ഒരു വൈഫ് ക്യാര്ക്ടര്‍ ഉണ്ടായിരുന്നു. ജോക്കര്‍ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. ജോക്കര്‍ സിനിമയിലെ പെണ്ണാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു. ജോക്കറില്‍ വേറൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു, ജേണലിസ്റ്റായി ഗായത്രി എന്നൊരു കുട്ടി. അതിനെ കൊണ്ടുവന്നു. പിന്നെ അതിനെ പറഞ്ഞയക്കാന്‍ പറ്റിയില്ല. ആ കുട്ടിയെ എടുത്തു. എന്ത് ചെയ്യാന്‍ പറ്റും. അതിനെ തിരിച്ച് വിടാന്‍ ബുദ്ധിമുട്ടാണ്. അതൊരു തെറ്റും ചെയ്തിട്ടില്ല. അത് വന്ന് അഭിനയിക്കട്ടെ എന്ന് പറഞ്ഞു,’ മമ്മൂട്ടി പറഞ്ഞു.

അപ്പോള്‍ അവസരം നഷ്ടമായെന്ന് തോന്നിയെങ്കിലും ഇപ്പോള്‍ തനിക്ക് ലഭിച്ചത് ഗോള്‍ഡന്‍ ഓപ്പര്‍ച്ച്യൂണിറ്റിയാണെന്നാണ് ഒപ്പമിരുന്ന രമ്യ ഇതിനോട് പ്രതികരിച്ചത്.

‘അയ്യോ മിസായല്ലോ എന്ന് അപ്പോള്‍ തോന്നി. പക്ഷേ മിസായ അവസരം എനിക്ക് ഇപ്പോള്‍ കിട്ടി. ഇതൊരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് ടെലിവിഷന്‍ പരിപാടികള്‍ ചെയ്തുകൊണ്ടിരുന്നത്. ജോക്കര്‍ എന്ന സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങിയെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന് നിലയില്‍ എനിക്ക് റീച്ച് കിട്ടിയില്ല. അതുകൊണ്ടാണ് ഇടക്ക് ടെലിവിഷനിലേക്ക് പോയത്.

കരിയറിന്റെ തുടക്കത്തില്‍ എങ്ങനെയുള്ള ചിത്രങ്ങളാണോ ചെയ്യുന്നത് അത് വെച്ചാണ് കരിയര്‍ പിന്നീട് ബില്‍ഡാവുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഇതുപോലെയുള്ള അവസരം എനിക്കൊരു ഗിഫ്റ്റാണ്. ലിജോ ജോസ് സാര്‍, മമ്മൂട്ടി സാര്‍ എന്നീ പേരുകള്‍ക്കൊപ്പം എന്റെ പേരും ഇരിക്കുന്നത് ഒരു ഗിഫ്റ്റാണ്. അതുകൊണ്ട് ത്രില്ലിനപ്പുറം ഈ സിനിമ എനിക്ക് ഒരു അനുഗ്രഹമാണ്. എനിക്ക് അവസരങ്ങളുടെ വില അറിയാം.

ഇതെന്റെ മലയാളത്തിലെ ആദ്യത്തെ പടമാണ്. മമ്മൂട്ടി സാര്‍ അതിന് നല്ലൊരു ക്യാപ്ഷന്‍ നല്‍കിയിരുന്നു. മലയാളത്തില്‍ ആദ്യത്തെ പടമാണ്, പക്ഷേ തമിഴിലാണ് അഭിനയിക്കുന്നതെന്ന്. ഇനി മലയാളം സംസാരിച്ച് മലയാളത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം,’ രമ്യ പറഞ്ഞു.

Content Highlight: mammootty about the casting of ramya pandian