| Tuesday, 11th October 2022, 9:31 am

എനിക്ക് മസ്താങ് ഉണ്ടായിരുന്നെങ്കിലും കൊടുക്കില്ലായിരുന്നു, അമ്മാതിരി തെമ്മാടിത്തരമാണ് ആ കാറിനോട് കാണിച്ചിട്ടുള്ളത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കില്‍ കഥാപാത്രങ്ങളെ പോലെ മുഴുനീള സാന്നിധ്യമുള്ള ഒന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലൂക്ക് ആന്റണിയുടെ കാര്‍. മരത്തിലിടിച്ച് മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ് ചിത്രത്തില്‍ കാര്‍ കടന്നുവരുന്നത്.

തുടക്കം മുതല്‍ അവസാനം വരെ ഈ നിലയില്‍ തുടരുന്ന കാറില്‍ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്. കാറിനെ കുറിച്ചും സിനിമയില്‍ അത് ഉപയോഗിച്ച രീതിയെ കുറിച്ചും റിലീസിന് മുന്‍പ് നല്‍കിയ അഭിമുഖങ്ങളില്‍ മമ്മൂട്ടിയും സഞ്ജു ശിവരാമനും സംസാരിച്ചിരുന്നു.

റോഷാക്കിലെ മസ്താങ് മമ്മൂട്ടിയുടേത് തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവര്‍. സിനിമയിലേത് തന്റെ കാര്‍ അല്ലെന്നും തനിക്ക് മസ്താങ്ങില്ലെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍, കാറുണ്ടായിരുന്നെങ്കിലും മമ്മൂക്ക ഈ സിനിമക്ക് വേണ്ടി അത് കൊടുക്കില്ലെന്നായിരുന്നു സഞ്ജു ശിവരാമന്‍ കൂട്ടിച്ചേര്‍ത്തത്.

‘അലന്‍ എന്നൊരു പയ്യന്റേതാണ് ആ വണ്ടി. സിനിമയോട് വലിയ പ്രാന്തുള്ള പയ്യനായതുകൊണ്ടാണ് അവന്‍ അത് കൊടുത്തത്. ഞാനായിരുന്നെങ്കില്‍ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു. അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്(ചിരിക്കുന്നു).

കാറിനൊന്നും പറ്റിയിട്ടില്ലാട്ടോ. സിനിമയില്‍ മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നതും. ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാര്‍ട്‌സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി,’ മമ്മൂട്ടി പറഞ്ഞു.

ഇതിന് പിന്നാലെ രസികന്‍ കമന്റുമായി റിയാസ് നര്‍മകലയുമെത്തി. പഴയപോലെയാക്കാനായി ആര്‍ട്ട് ഡയറക്ടര്‍ ഷാജി കാര്‍ തല്ലിപൊട്ടിക്കുന്നത് കണ്ടാല്‍ കാറിനോട് സ്‌നേഹമുള്ളവരായിരുന്നെങ്കില്‍ ഷാജിയെ തല്ലിക്കൊന്നേനെ എന്നാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് റിയാസ് പറഞ്ഞത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിനിടക്ക് മമ്മൂട്ടി കാര്‍ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാര്‍ കറക്കി നിര്‍ത്തുന്ന വീഡിയോ നിര്‍മാതാവ് എന്‍.എം. ബാദുഷയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കാറിന്റെ മുന്‍വശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും മമ്മൂട്ടി കാര്‍ നിര്‍ത്തുമ്പോള്‍ ലൊക്കേഷനിലുള്ളവര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു.

Content Highlight: Mammootty about the car in Rorschach

We use cookies to give you the best possible experience. Learn more