ഒരു സിനിമയുടെ വിജയവും പരാജയവും പ്രവചനാതീതമാണ്. എന്നാല്‍ സിനിമ വിജയിക്കാനും പരാജയപ്പെടാനും കൃത്യമായ ചില കാരണങ്ങള്‍ കാണും. അത്തരം ചില കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി.
ഒരു സിനിമയുടെ കാതല്‍ എന്ന് പറഞ്ഞാല്‍ സിനിമ തന്നെയാണെന്നും എല്ലാകൂടി ഒത്തുചേര്‍ന്നാല്‍ മാത്രമേ സിനിമ ശരിയായി വരികയുള്ളൂവെന്നുമാണ് മമ്മൂട്ടി പറയുന്നത്. ചില കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകുന്നത് തന്നെയാണ് പരാജയങ്ങള്‍ക്ക് കാരണമെന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സിനിമയില്‍ നടന്‍ ഭയങ്കരമായി അഭിനയിച്ചിച്ചിരിക്കാം. അല്ലെങ്കില്‍ സിനിമാറ്റോഗ്രഫി നന്നാവാം. ഡയരക്ഷന്‍, തിരക്കഥ ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രം നന്നായാല്‍ അതൊരു വലിയ സിനിമയാകാന്‍ പാടാണ്. എല്ലാം കൂടി ഒത്തുചേരണം. അപ്പോള്‍ സിനിമ തന്നെയാണ് നന്നാകേണ്ടത്.
പിന്നെ ചില കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകുന്നതാണ് സിനിമ പരാജയപ്പെടാനുള്ള മറ്റൊരു കാരണം. പല തരത്തിലുള്ള കണക്കുകൂട്ടലുകളുണ്ടല്ലോ. പ്രേക്ഷകനെ കുറിച്ചുള്ള നമ്മുടെ ധാരണ, കഥയെ കുറിച്ചുള്ള നമ്മുടെ ചിന്ത അതെല്ലാം തെറ്റിപ്പോകാം.
ഇതെല്ലാം ശരിയായി വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടമാകും. എവിടെയോ ഒക്കെ തെറ്റിപ്പോകുന്നതുകൊണ്ടാണ് ആളുകള്‍ക്ക് ആ സിനിമ ഇഷ്ടമില്ലാത്തതാകുന്നത്. പിന്നെ കാലം തെറ്റി ചില സിനിമകള്‍ വരും.
കാലം മാറുന്നതിന് അനുസരിച്ച് സിനിമയുടെ ആസ്വാദന രീതി മാറും. പ്രേക്ഷകര്‍ മാറും. സിനിമ കഥ പറയുന്ന രീതി മാറും. കഥാഗതി മാറും. സാങ്കേതിക വ്യത്യാസങ്ങള്‍ മാറും. അതിനനുസരിച്ച് നമ്മുടെ കഥയും കഥാപാത്രങ്ങളുമൊക്കെ മാറും.
ചിലതൊക്കെ വളരെ നേരത്തെ വരും. അതായത് കാലത്തിന് മുമ്പേ ചില സിനിമകള്‍ വരും. മലയാളത്തിലും അത്തരത്തിലുള്ള നിരവധി സിനിമകളുണ്ട്. ബിഗ് ബിയൊക്കെ അന്ന് പരാജയമാണ്. ഇന്ന് വലിയ സിനിമയാണെന്നും കള്‍ട്ടാണെന്നും ആളുകള്‍ പറയുന്നു, മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty about Some Flop Movies and Big B