| Monday, 29th March 2021, 5:47 pm

മുഖ്യമന്ത്രിയായാല്‍ റൈറ്റ് ടു റീകോള്‍ നടപ്പിലാക്കുമോ? മറുപടി നല്‍കി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വണ്‍ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ‘റൈറ്റ് ടു റീകോള്‍’. ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിനുള്ള ജനങ്ങളുടെ അധികാരമായ ഈ റൈറ്റ് ടു റീകോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ വ്യക്തിപരമായി ഇതിനെ എങ്ങനെ കാണുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. വണിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റൈറ്റ് ടു റീകോള്‍ എന്ന ആശയം നടപ്പിലാകുമോ നടപ്പിലാക്കാന്‍ സാധിക്കുമോ എന്നതൊക്കെ പിന്നീടുള്ള വിഷയങ്ങളാണ്. പക്ഷെ ഈ ആശയം ചിന്തിക്കാവുന്ന വിഷയമാണ്. നമുക്ക് തൃപ്തികരമല്ലാത്ത ഒരു ജനപ്രതിനിധി ഇനി തുടരേണ്ട, കാലാവധി തീരും മുന്‍പേ മറ്റൊരാളെ വെക്കാം എന്ന് ജനങ്ങള്‍ ചിന്തിച്ചേക്കാം. യൂറോപ്പിലെ പല രാജ്യങ്ങളിലും റൈറ്റ് ടു റീകോള്‍ ഉണ്ട്, പാര്‍ലമെന്റിലല്ല, ലോക്കല്‍ ബോഡികളില്‍.

പലയിടത്തും നിയമങ്ങളോ പ്രമേയങ്ങളോ പാസാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് നേരിട്ട് വോട്ട് ചെയ്യാന്‍ സാധിക്കുന്നതും കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പ്രായോഗികമാണോയെന്ന് അറിയില്ല. സിനിമയില്‍ ഭാവനയെല്ലാം സാധ്യമാണല്ലോ. അതാണല്ലോ സിനിമയും മറ്റു കലാരൂപങ്ങളുമെല്ലാം,’ മമ്മൂട്ടി പറഞ്ഞു.

റൈറ്റ് ടു റീ കോള്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഞാന്‍ നിങ്ങളെ പോലെ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളയാണ്. പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. ഇതൊക്കെ വന്നാല്‍ കൊള്ളാമെന്ന് തന്നെയാണുള്ളതെന്നും മമ്മൂട്ടി പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ റൈറ്റ് ടു റീകോള്‍ നടപ്പിലാക്കുമോയെന്ന ചോദ്യത്തിന് തനിക്കൊരിക്കലും മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നേയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mammootty about right to recall and One movie

We use cookies to give you the best possible experience. Learn more