| Sunday, 8th May 2022, 1:19 pm

എല്ലാവരും സംവിധായകര്‍ തന്നെയാണ്, അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, ഇച്ഛാശക്തിയാണ് പ്രധാനം: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവാത്ത അഭിനയചാരുതയാണ് മമ്മൂട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള സിനിമ ഭ്രമണം ചെയ്യുന്ന താരസൂര്യരില്‍ ഒരാള്‍കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്ക.

നിരിവധി പുതുമുഖ സംവിധായകരും എഴുത്തുകാരും മലയാള സിനിമയുടെ വെള്ളിവെളിച്ചെത്തിലേക്കെത്തിയതിന് കാരണങ്ങളിലൊന്നും മമ്മൂട്ടിയായിരുന്നു. മറ്റ് സൂപ്പര്‍ താരങ്ങളെ അപേക്ഷിച്ച് പുതുമുഖ സംവിധായകരെ ഇത്രകണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു താരം മലയാള സിനിമയില്‍ വേറെ കാണില്ല.

പുതുതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രവും അത്തരത്തിലൊന്നാണ്. പുതുമുഖസംവിധായികയായ റത്തീനയുടെ ‘പുഴു’ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ഒരു വനിതാ സംവിധായികയ്‌ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്. ഇച്ഛാശക്തിയും ആജ്ഞാശക്തിയുമുള്ള സംവിധായികയാണ് റത്തീനയെന്നും അവരുടെ റോള്‍ മികച്ചതാക്കിയിട്ടുണ്ടെന്നുമാണ് മമ്മൂട്ടി പറയുന്നത്.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസുതുറക്കുന്നത്.

ഒരുപാട് പുരുഷസംവിധായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആദ്യമായാണ് സ്ത്രീ സംവിധായികയ്‌ക്കൊപ്പം. അവരുടെ മേക്കിങ്ങില്‍ വ്യത്യാസം അനുഭവപ്പെട്ടോ എന്ന അവതാരകന്റെ ചോദ്യത്തിനുത്തരമായാണ് താരം ഇക്കാര്യം പറയുന്നത്.

‘എല്ലാവരും സംവിധായകരല്ലേ. അവര്‍ സ്ത്രീയാണോ പുരുഷനാണോ എന്നല്ല പ്രശ്‌നം. അവരും സ്റ്റാര്‍ട്ടും ആക്ഷനും കട്ടുമൊക്കെത്തന്നെയല്ലേ പറയുന്നത്. വ്യത്യാസങ്ങളൊന്നുമില്ല. അവര്‍ക്ക് അവരുടേതായ ഇച്ഛാശക്തികളും ആജ്ഞാശക്തികളുമുണ്ട്. അവര്‍ അവരുടെ റോള്‍ നന്നായിചെയ്തു,’ മമ്മൂട്ടി പറയുന്നു.

റത്തീനയെ കണ്ടുമുട്ടിയതിനെ കുറിച്ചും, സിനിമ ചെയ്യാന്‍ സമ്മതിച്ചതിനെ കുറിച്ചും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘കുറേക്കാലമായി റത്തീന എന്റെ സെറ്റുകളില്‍ വരാറുണ്ട്. കാണാറുമുണ്ട്. സ്വാഭാവികമായും പരിചയമില്ലാത്ത ഒരാളെ സെറ്റില്‍ പലവട്ടം കാണുമ്പോള്‍, എന്തിനാണ് വരുന്നതെന്ന് ചോദിക്കും. ഒരിക്കല്‍ അതുപോലെ ചോദിച്ചു. ഒരു കഥയുണ്ട്, സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

അവരുടെ കഥ കേട്ടു. എന്നാല്‍, അത് വലിയ കഥയായിരുന്നു. കോവിഡ് സമയത്ത് അത് എടുക്കാന്‍പറ്റാതെവന്നു. പിന്നീട് തിരക്കഥാകൃത്ത് ഹര്‍ഷദുമായി പരിചയമായപ്പോള്‍, നിങ്ങളുടെ കഥ റത്തീനയെ ഏല്‍പ്പിക്കാമോ എന്നു ചോദിച്ചു. അങ്ങനെയാണ് ഈ സിനിമയുടെ തുടക്കം,’ മമ്മൂട്ടി പറയുന്നു.

മെയ് 13 സോണി ലിവിലൂടെയാണ് പുഴു പ്രേക്ഷകരിലേക്കെത്തുന്നത്.

വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രമവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് പുഴു.

എസ്. ജോര്‍ജ്, ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.

Content Highlight: Mammootty about Ratheena and Puzhu movie

We use cookies to give you the best possible experience. Learn more