ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയെ പോലെ അവരെന്നെ നോക്കികൊണ്ടിരുന്നു, കൊടേക്കനാലില്‍ പോയിവന്ന കമിതാക്കളാണെന്നാണ് ആദ്യം കരുതിയത്: മമ്മൂട്ടി
Entertainment news
ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയെ പോലെ അവരെന്നെ നോക്കികൊണ്ടിരുന്നു, കൊടേക്കനാലില്‍ പോയിവന്ന കമിതാക്കളാണെന്നാണ് ആദ്യം കരുതിയത്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd January 2023, 2:49 pm

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ ഒരു റോള്‍ ചെയ്തത് രമ്യ സുവിയാണ്. സിനിമയുടെ സെറ്റില്‍ രമ്യയെയും ഭര്‍ത്താവിനെയും കണ്ടപ്പോള്‍ തനിക്ക് മനസിലായില്ലെന്നും രമ്യ തന്നെ ഇതുവരെ കാണാത്ത പോലെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ഭര്‍ത്താവിനെയും അവരെയും കണ്ടപ്പോള്‍ പഴനിയിലേക്കോ കൊടേക്കനാലിലേക്കോ വന്ന കമിതാക്കളാണെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. രമ്യയുടെ നോട്ടവും സംസാരവും കണ്ടപ്പോഴാണ് പരിചയപ്പെട്ടതെന്നും ഭാര്യയായിട്ട് അഭിനയിക്കാന്‍ വന്നതാണെന്ന് അപ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”രമ്യയും അവരുടെ ഭര്‍ത്താവും ഷൂട്ടിങ്ങ് കാണാന്‍ വന്നവരെ പോലെ സെറ്റില്‍ ഇങ്ങനെ കുറേ ദിവസം നടന്നു. ഞാന്‍ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയെ പോലെ രമ്യ ഇങ്ങനെ എന്നെ നോക്കുന്നുണ്ടായിരുന്നു.

രമ്യയുടെ പുറകിലാണെങ്കില്‍ അവരുടെ ഭര്‍ത്താവും നില്‍ക്കുന്നുണ്ട്. രണ്ടുപേരും പഴനിക്ക് പോയി വരുകയാണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. കാരണം കൊടേക്കനാല്‍ അടുത്തല്ലെ. അവിടെ പോയി വന്ന രണ്ട് കമിതാക്കള്‍, എന്നായിരുന്നു രണ്ടുപേരെയും കണ്ടപ്പോഴുള്ള എന്റെ ആദ്യത്തെ ധാരണ.

എന്താ ഇവിടെയെന്ന് ചോദിച്ചപ്പോള്‍ അഭിനയിക്കാന്‍ വന്നതാണെന്ന് എന്നോട് പറഞ്ഞു. എന്താണ് റോള്‍ എന്ന് ചോദിച്ചപ്പോള്‍ സാലി എന്ന് പറഞ്ഞു. ഞാനാകെ ഞെട്ടിപ്പോയി. സാലിയോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. എന്റെ ഭാര്യയുടെ റോള്‍ അഭിനയിക്കാനാണ് വന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.

കുറച്ച് ദിവസം ഒക്കെ എന്റെ അടുത്ത് നിന്ന് സിനിമയെക്കുറിച്ചും അഭിനയിക്കേണ്ടതിനെക്കുറിച്ചെല്ലാം ചോദിച്ചു. സിനിമാ ഷൂട്ടിങ്ങ് കാണാന്‍ വന്നവരും സംശയങ്ങളൊക്കെ ചോദിക്കും. ഞാന്‍ അതാണ് വിചാരിച്ചത്. വലിയ ശല്യമായല്ലോ എന്ന് തോന്നിയപ്പോഴാണ് ആരാണെന്ന് ഞാന്‍ അന്വേഷിച്ചത്,” മമ്മൂട്ടി പറഞ്ഞു.

content highlight: mammootty about ramya suvi