ലിജോ ജോസ് പെല്ലിശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുതിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്നായി കണക്കാക്കുവന്നതാണ് സിനിമയിലെ പ്രകടനം.
ചിത്രത്തിന്റെ ആഖ്യാനം കൊണ്ടും നിശ്ചല ദൃശ്യങ്ങള്‍കൊണ്ടും ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രേക്ഷകരുടെ മികച്ച അഭിപ്രായം ഏറ്റുവാങ്ങി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
സിനിമയിലെ കഥാപാത്രങ്ങള്‍ ഒറിജനലാണോ? സ്വപ്‌നമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയാണ് മമ്മൂട്ടി.
‘എത്രയാളുകള്‍ സിനിമ കാണുന്നുണ്ട്, ഓരോരുത്തര്‍ക്കും ഓരോ സിനിമയാണ്. ചില സാഹിത്യ കൃതികളില്ലേ അതിനൊക്കെ നമ്മള്‍ വായിക്കുംതോറും ഓരോ അര്‍ത്ഥം കാണും. വായിക്കുന്ന ആള്‍ക്കാര്‍ക്ക് ഓരോ അര്‍ത്ഥങ്ങളുണ്ടാകും. അതിന്റെ ഓരോ വിശേഷണങ്ങളുണ്ടാകും, അതിന്റെ ആവര്‍ത്തനങ്ങളുണ്ടാകും.
അങ്ങനെയാണ് ഈ കവിതകളൊക്കെ ആസ്വദിക്കുന്നത്. നമ്മള് കാണാത്തതും, ഉദ്ദേശിക്കാത്തതുമായ കാര്യങ്ങളൊക്കെ ആളുകള്‍ വിളിച്ചുപറയും. അതുപോലെ സിനിമയിലുമുണ്ടായിട്ടുണ്ട്, പല സിനിമകളിലും.
ഈ സിനിമ ഒരു ഇന്ററാക്റ്റീവ് സിനിമയാണ്. പ്രേക്ഷകനെക്കൂടി സിനിമയില്‍ പങ്കെടുപ്പിക്കുകയാണ്. ഈ സിനിമയുടെ സംവിധായകന്‍ ഉദ്ദേശിക്കുന്നത് പ്രേക്ഷകരുടെ കൂടി പങ്കാളിത്തമാണ്. അതിനുള്ള ഒരു സ്‌പേസ് കൂടി വിട്ടിട്ടാണ് സിനിമ പോകുന്നത്.
ഒരു കാഴ്ച നമ്മളെ കാണിക്കും. എന്തെല്ലാം കാഴ്ചകള്‍ നമ്മുടെ ജീവിതത്തില്‍ കാണുന്നുണ്ട്. ആ കാഴ്ചകളെല്ലാം നമുക്ക് മനസിലായിട്ടുണ്ടാവില്ല. ചിലതൊക്കെ നമ്മള്‍ ഊഹിച്ചെടുക്കുന്നതും, ആലോചിക്കുന്നതുമാണ്. ചിലത് നമ്മുടെ ഭാവനയിലുള്ളതാണ്. അതെല്ലാം ഈ സിനിമയിലുണ്ട്.
ഈ സിനിമയുടെ അവസാനം എന്താണ്? അയാള്‍ മറ്റേയാളാണോ? മറ്റേയാള്‍ ഇയാളാണോ? ഇയാള്‍ മറ്റേയാളല്ലാതെ വേറൊരാളാണോ? അയാള്‍ തിരിച്ചു വന്നോ? തിരിച്ച് പോയോ? എന്താണിയാള്‍ക്ക് ഇങ്ങനെ വരാന്‍ കാരണം? ഇതാരാണ്, എന്താണ്, എവിടെയാണ്? എന്നൊക്കെ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും.