മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന നാടോടിക്കാറ്റ്.
മോഹൻലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളായിരുന്നു തുറന്ന് കാട്ടിയത്. തിലകൻ,ശോഭന, ഇന്നസെന്റ് തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.
സംവിധായകരായ സിദ്ദിഖ് ലാലിൽ നിന്നാണ് നാടോടിക്കാറ്റിന്റെ കഥ ഉണ്ടാകുന്നത്. ചിത്രത്തിൽ ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം അതിഥിയായി എത്തുന്നുണ്ട്. വലിയ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു പവനായി. എന്നാൽ ഈ കഥാപാത്രം താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്ന് മമ്മൂട്ടി പറയുന്നു.
എന്നാൽ ആ ചിത്രത്തിൽ പവനായി എന്ന കഥാപാത്രമാണ് ലീഡ് റോളിൽ ഉണ്ടായിരുന്നതെന്നും ചെറിയ താരങ്ങളെ വെച്ച് തീരുമാനിച്ച ചിത്രമായിരുന്നു അതെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ക്യാപ്റ്റൻ രാജു ചെയ്ത പവനായി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷെ അന്ന് ആ കഥാപാത്രമായിരുന്നു ലീഡ് റോൾ. അതുമാത്രമല്ല അന്ന് ചെറിയ ആളുകളെ വെച്ചുള്ള കഥയായിരുന്നു അത്,’ മമ്മൂട്ടി പറയുന്നു.
ബസൂക്കയാണ് ഈ വർഷം റിലീസാവാനുള്ള അടുത്ത മമ്മൂട്ടി സിനിമ. റിലീസ് ഡേറ്റ് പല തവണ മാറ്റിവെച്ച ബസൂക്ക ഏപ്രിൽ 10 പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഡൊമിനിക്ക് ആൻഡ് ലേഡീസ് പേഴ്‌സ് ആയിരുന്നു ഈ വർഷമിറങ്ങിയ ആദ്യ മമ്മൂട്ടി ചിത്രം. മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ സിനിമയും ഈ വർഷം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Mammootty About Nadodikkatt Movie And His Character